ചെന്നൈ: രാഷ്ട്രീയപ്പാർട്ടി രൂപവത്കരണവുമായി ബന്ധപ്പെട്ട് അച്ഛൻ എസ്.എ. ചന്ദ്രശേഖറുമായുള്ള ഭിന്നതയ്ക്കിടെ നടൻ വിജയ് ആരാധക സംഘടനയുടെ പ്രവർത്തനം നവമാധ്യമങ്ങളിലൂടെ സജീവമാക്കാൻ ഒരുങ്ങുന്നു. വിജയ് മക്കൾ ഇയക്കത്തിന്റെ പേരിൽ യുട്യൂബ് ചാനൽ ആരംഭിക്കാനാണ് തീരുമാനം. വിജയ്യുടെ പ്രസ്താവനകളും അറിയിപ്പുകളും ആരാധകർക്കുള്ള നിർദേശവുമൊക്കെ ഈ ചാനലിലൂടെ അറിയിക്കുമെന്ന് ആരാധകസംഘടനയുടെ ചുമതല വഹിക്കുന്ന എൻ. ആനന്ദ് അറിയിച്ചു. വിജയ്യുടെ ആരാധകസംഘടനയെ രാഷ്ട്രീയപ്പാർട്ടിയാക്കി മാറ്റാനായിരുന്നു ചന്ദ്രശേഖറുടെ ശ്രമം. വിജയ് പരസ്യമായി ഇതിനെ തള്ളിയതോടെ രാഷ്ട്രീയപ്പാർട്ടി രൂപവത്കരണത്തിനുള്ള നടപടികൾ നിർത്തിവെച്ചിരിക്കുകയാണ്. പാർട്ടി രൂപവത്കരണവുമായി ബന്ധപ്പെട്ട വിവാദത്തെത്തുടർന്ന് ചന്ദ്രശേഖറുമായി അടുപ്പമുള്ളവരെ ആരാധകസംഘടനയിൽനിന്ന് ഒഴിവാക്കാൻ വിജയ് നടപടിയെടുക്കുകയായിരുന്നു. യുട്യൂബ് ചാനൽ ആരംഭിക്കുന്നതിന് മുന്നോടിയായി ഞായറാഴ്ച വിഴുപുരത്ത് എൻ. ആനന്ദ് വിജയ് മക്കൾ ഇയക്കത്തിന്റെ ജില്ലാ നേതാക്കളുമായി ചർച്ചനടത്തി. സംഘടന നടത്തുന്ന പ്രവർത്തനങ്ങൾ ചാനലിലൂടെ ജനങ്ങളിൽ എത്തിക്കാനാണ് തീരുമാനം. ചന്ദ്രശേഖറിന് പകരം സംഘടനയുടെ പ്രവർത്തനം പൂർണമായും വിജയ്യുടെ നിയന്ത്രണത്തിലാക്കുകയാണ് പുതിയ നീക്കങ്ങൾ ലക്ഷ്യമിടുന്നത്. സംഘടനയുടെ പേരിൽ കോവിഡ് ദുരിതാശ്വാസപ്രവർത്തനങ്ങളുമായി ചന്ദ്രശേഖർ സജീവമായിരുന്നു. ആനന്ദാണ് വിജയ്യെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാൽ, ആനന്ദ് മുഖേനതന്നെ സംഘടനയിൽ മാറ്റങ്ങൾ വരുത്തുകയായിരുന്നു വിജയ്. Content Highlights:Vijay all set to start a YouTube channel andStrengthen fans association, After dispute with SA Chandrasekhar
from mathrubhumi.latestnews.rssfeed https://ift.tt/2JbbJg0
via
IFTTT