Breaking

Friday, November 27, 2020

കുളത്തിൽവീണ ബൈക്കുയാത്രക്കാരനു രക്ഷകനായത് തെരുവുനായ

മുഹമ്മ: കുറുകെച്ചാടി ഇരുചക്രവാഹനയാത്രക്കാരുടെ അന്തകനാകുന്ന തെരുവുനായ്ക്കൾ എന്നും നമ്മെ അസ്വസ്ഥരാക്കാറുണ്ട്. എന്നാൽ, ഇവിടെയിതാ അപകടത്തിൽപ്പെട്ട ബൈക്കുയാത്രക്കാരനെ ജീവിതത്തിലേക്കു തിരിച്ചുകയറ്റി ഒരു തെരുവുനായ നായകനാകുന്നു. അപകടത്തിൽപ്പെട്ട് കുളത്തിൽവീണു മുങ്ങിത്താഴ്ന്നയാളുടെ ജീവനു രക്ഷയായത് തെരുവുനായയുടെ ജാഗ്രത. തെരുവിലാണ് ജീവിതമെങ്കിലും നാട്ടുകാർക്ക് പ്രിയങ്കരനായ കുട്ടപ്പൻ എന്ന നായയുടെ കരുതലിലാണ് ഭൂജല അതോറിറ്റി ജീവനക്കാരൻ വൈക്കം വെച്ചൂർ പരുത്തിപ്പറമ്പിൽ ജോണിന് ജീവൻ തിരിച്ചുകിട്ടിയത്. വ്യാഴാഴ്ച പുലർച്ചേ നാലോടെ കാവുങ്കൽ തെക്കേ കവലയ്ക്കുതെക്കുവശം നാഥൻസ് ആർ.ഒ. വാട്ടർ പ്ലാൻറിനു സമീപത്തെ കുളത്തിലേക്കു ജോണിന്റെ ബൈക്ക് മറിഞ്ഞു. രാത്രി ഡ്യൂട്ടികഴിഞ്ഞ് തൃക്കുന്നപ്പുഴയിൽനിന്ന് വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം. എതിരേവന്ന വാഹനം വെളിച്ചം മങ്ങിപ്പിക്കാത്തതിനാൽ കണ്ണുമഞ്ഞളിച്ചു. ബൈക്ക് നിയന്ത്രണംവിട്ട് കെട്ടിടത്തിൽ തട്ടിയശേഷം സമീപത്തെ കുളത്തിലേക്കു മറിയുകയായിരുന്നു. ആർ.ഒ. പ്ളാന്റ് ഉടമ കെ.എ. രഘുനാഥന്റെ കെട്ടിടത്തിനുസമീപം കിടന്നിരുന്ന കുട്ടപ്പൻ അപകടംകണ്ട് ആ ഭാഗത്തേക്ക് ഓടിയെത്തി. തുടർച്ചയായി കുരച്ച് സമീപവാസികളുടെ ശ്രദ്ധയാകർഷിച്ചു. പുലർച്ചേ നടക്കാനിറങ്ങിയ തേനാംപുറത്ത് അനീഷ്, മട്ടുമ്മേൽവെളി ശ്യാംകുമാർ എന്നിവർ കുരകേട്ടാണ് ശ്രദ്ധിച്ചത്. അവർ എറെ പ്രയാസപ്പെട്ട് ജോണിനെ കുളത്തിൽനിന്നു കരകയറ്റി. തൊട്ടടുത്തുള്ള സ്വകാര്യആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വൈക്കം ആശുപത്രിയിൽ ചികിത്സതേടിയ ജോൺ വീട്ടിലേക്കു മടങ്ങി. രഘുനാഥന്റെ കെട്ടിടത്തിനുസമീപമാണ് കുട്ടപ്പന്റെ താവളം. രഘുനാഥൻ ഉൾപ്പെടെ ഈ ഭാഗത്തുള്ളവരാണ് ഇതിനെ പോറ്റുന്നത്. ഏതാനും ആഴ്ചകൾക്കുമുൻപ് രാത്രിയിൽ ആലപ്പുഴ നഗരത്തിൽ ബൈക്കിൽവന്ന യുവാവ് കാനയിൽവീണത് ആരുമറിഞ്ഞിരുന്നില്ല. യുവാവ് മരിക്കുകയും ചെയ്തു. Content Highlights:Stray dog saved life of bike traveler in Muhamma, Alappuzha


from mathrubhumi.latestnews.rssfeed https://ift.tt/3680DAO
via IFTTT