Breaking

Sunday, November 29, 2020

മുഖ്യമന്ത്രിയുടെ വസതിക്ക് സുരക്ഷ കൂട്ടാൻ ശുപാർശ

തിരുവനന്തപുരം: പ്രതിഷേധങ്ങളെത്തുടർന്ന് സെക്രട്ടേറിയറ്റിന്റെ സുരക്ഷ കൂട്ടിയതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വർധിപ്പിക്കണമെന്നും പോലീസ്. പ്രതിഷേധങ്ങൾക്കിടെ സമരക്കാരിൽ ചിലർ ക്ലിഫ് ഹൗസിന്റെ പ്രധാന കവാടത്തിനടുത്തുവരെ എത്തിയ സാഹചര്യത്തിലാണിത്. സംസ്ഥാന ഇന്റലിജൻസിൽനിന്നുള്ള മുന്നറിയിപ്പുകളെ തുടർന്നാണ് പോലീസ് സുരക്ഷാ അവലോകനം നടത്തി സർക്കാരിനു ശുപാർശ നൽകിയത്.ശുപാർശകൾ* ക്ലിഫ് ഹൗസിന്റെ ചുറ്റുമതിൽ ഉയർത്തണം. പ്രതിഷേധക്കാർക്ക് മതിൽ ചാടിക്കടക്കാനുള്ള സാധ്യതകൾ ഇല്ലാതാക്കുകയാണു ലക്ഷ്യം. * ചുറ്റുമതിലിനു മുകളിലായി കമ്പിവേലി സ്ഥാപിക്കുന്നതിനൊപ്പം കാഴ്ച തടസ്സപ്പെടുത്തുന്ന തരത്തിലുള്ള സംവിധാനമൊരുക്കണം. ക്ലിഫ് ഹൗസിനു സമീപത്തെ ഏതാനും ബഹുനില മന്ദിരങ്ങളിൽനിന്നാൽ ക്ലിഫ് ഹൗസ് വളപ്പിലെ കാഴ്ച മറയ്ക്കാനാണിത്. ചുറ്റുമതിലിനോടു ചേർന്നുനിൽക്കുന്ന മരങ്ങളുടെ ചില്ലകൾ മുറിക്കണം. ചുറ്റുമതിലിൽ വിളക്കുകൾ സ്ഥാപിക്കണം. * മുഖ്യമന്ത്രിയുടെ വസതിയുടെ പ്രധാന കവാടം മാറ്റി സ്ഥാപിക്കണം. * വൈ.എം.ആർ. ജങ്ഷനിൽനിന്ന് ക്ലിഫ് ഹൗസിനു മുന്നിലെത്താനുള്ള ചെറുവഴി അടയ്ക്കണം. * സന്ദർശകരുടെ വിവരങ്ങൾ ശേഖരിക്കാൻ റിസപ്ഷൻ സംവിധാനമൊരുക്കണം. * പ്രധാന റോഡിൽനിന്ന് ക്ലിഫ് ഹൗസിലേക്കുള്ള വഴിയിൽ വാഹനം നിർത്തിയ ശേഷം മാത്രം മുന്നോട്ടുപോകാനാകുന്ന തരത്തിൽ ബാരിക്കേഡ് സ്ഥാപിക്കണം. * ക്ലിഫ് ഹൗസിനു തൊട്ടടുത്ത ജങ്ഷനിൽ സുരക്ഷാ ക്യാമറയൊരുക്കണം. * ക്ലിഫ് ഹൗസിൽ അടിയന്തരമായി അഗ്നിസുരക്ഷാ ഓഡിറ്റിങ് നടത്തണം.


from mathrubhumi.latestnews.rssfeed https://ift.tt/37fxYcp
via IFTTT