Breaking

Saturday, November 28, 2020

കോവിഡ് വാക്‌സിന്‍ വികസനം നേരിട്ട് വിലയിരുത്താന്‍ പ്രധാനമന്ത്രി ഫാര്‍മ ലാബുകളിലേക്ക്‌

ന്യൂഡൽഹി: രാജ്യത്തെ മൂന്ന് കോവിഡ് പ്രതിരോധ വാക്സിൻ നിർമാണ ഫാർമ പ്ലാന്റുകൾ പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കും. സൈഡസ് കാഡില, ഭാരത് ബയോടെക്ക്, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്. വാക്സിൻ വികസനവുമായി ബന്ധപ്പെട്ട വിവരങ്ങൾ നേരിട്ടറിയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദിനടുത്തുളള പ്രധാന ഫാർമകളിലൊന്നായ സൈഡസ് കാഡിലയുടെ പ്ലാന്റ് സന്ദർശിക്കുമെന്ന് ഗുജറാത്ത് ഉപ മുഖ്യമന്ത്രി നിതിൻ പട്ടേൽ അറിയിച്ചു. അഹമ്മദാബാദ് നഗരത്തിന് സമീപമായുളള ചാങ്കോദർ വ്യാവസായിക മേഖലയിലാണ് സൈഡസ് കാഡിലയുടെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. തങ്ങളുടെ കോവിഡ് പ്രതിരോധ വാക്സിനായ സികോവ്-ഡിയുടെ ഒന്നാംഘട്ട ക്ലിനിക്കൽ ട്രയൽ പൂർത്തിയായെന്നും ഓഗസ്റ്റിൽ രണ്ടാംഘട്ട ട്രയലുകൾ ആരംഭിച്ചതായും സൈഡസ് കാഡില അധികൃതർ അറിയിച്ചിരുന്നു. പ്രധാനമന്ത്രി ശനിയാഴ്ച ഗുജറാത്ത് സന്ദർശിക്കുന്നുണ്ടെന്നും അതിനിടയിൽ വാക്സിൻ വികസിപ്പിക്കലുമായി ബന്ധപ്പെട്ട വിവരങ്ങൾ നേരിട്ടറിയുന്നതിനായി സൈഡസ് കാഡിലയിൽ സന്ദർശനം നടത്തുമെന്നുമാണ് നിതിൻ പട്ടേൽ വെളളിയാഴ്ച അറിയിച്ചത്. പ്രധാനമന്ത്രി രാവിലെ ഒമ്പതരയോടെ ഇവിടെ സന്ദർശനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഹമ്മദാബാദിലെ വാക്സിൻ പ്ലാന്റ് സന്ദർശനത്തിന് ശേഷം പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രധാനമന്ത്രി സന്ദർശിക്കും. തുടർന്ന് ഹൈദരാബാദിലെത്തി ഭാരത് ബയോടെക്കിൽ സന്ദർശനം നടത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യൻ കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ വികസിപ്പിക്കുന്നത് ഭാരത് ബയോടെക്കാണ്. വൈകീട്ട് 4നും 5നും ഇടയിൽ പ്രധാനമന്ത്രി ഭാരത് ബയോടെക്കിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് സൈബെറാബാദ് പോലീസ് കമ്മിഷണർ വി.സി.സജ്ജനാർ പറഞ്ഞു. Content Highlights:PM Modis 3 city visit to personally review the vaccine development & manufacturing process


from mathrubhumi.latestnews.rssfeed https://ift.tt/3mgSzn9
via IFTTT