Breaking

Monday, November 30, 2020

റെയ്ഡിനുവന്നാൽ കയറ്റരുത് -കെ.എസ്.എഫ്.ഇയോട് ധനമന്ത്രി

തിരുവനന്തപുരം/ആലപ്പുഴ: ചട്ടപ്രകാരമല്ലാതെ വിജിലൻസ് ഉദ്യോഗസ്ഥർ റെയ്ഡിനുവന്നാൽ ശാഖകളിൽ കയറ്റരുതെന്ന് കെ.എസ്.എഫ്.ഇ.ക്ക് ധനമന്ത്രി ഡോ. തോമസ് ഐസക് നിർദേശം നൽകി. അതിന്റെ പ്രത്യാഘാതം താൻ നോക്കിക്കൊള്ളാമെന്നും അദ്ദേഹം പറഞ്ഞു. വിവാദ റെയ്ഡിന് പിന്നാലെ ശനിയാഴ്ച ചേർന്ന കെ.എസ്.എഫ്.ഇ. ഡയറക്ടർ ബോർഡ് യോഗത്തിലായിരുന്നു നിർദേശം. വിജിലൻസ് സംഘം ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചെന്നും കെ.എസ്.എഫ്.ഇ. അധികൃതർ മന്ത്രിയോട് പരാതിപ്പെട്ടു. ഒരു ധനകാര്യസ്ഥാപനത്തിൽ പൊടുന്നനെ ഇങ്ങനെ കൂട്ടത്തോടെ റെയ്ഡ് നടത്തുന്നത് ആ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ തകർക്കാനേ ഉപകരിക്കൂവെന്ന് മന്ത്രി പറഞ്ഞു. ഏതെങ്കിലും പ്രത്യേക പരാതികളുടെ അടിസ്ഥാനത്തിൽ പരിശോധനയാവാം. അതിന് കെ.എസ്.എഫ്.ഇ. മാനേജ്മെന്റിനെ അറിയിക്കണം. എവിടെയൊക്കെയാണ് പരിശോധന നടത്തേണ്ടതെന്നും അറിയിക്കണം. അല്ലാതെ ശാഖകളിൽ കൂട്ടത്തോടെ മിന്നൽപ്പരിശോധന നടത്തേണ്ട കാര്യമില്ല. അങ്ങനെ പരിശോധനയ്ക്ക് ഏതെങ്കിലും ഉദ്യോഗസ്ഥൻ വന്നാൽ അനുവദിക്കരുത്. ഓഫീസുകളിൽ കയറ്റുകയും ചെയ്യരുത് -മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ അറിയാതെയാണ് റെയ്ഡ് നടന്നതെന്നാണ് ധനവകുപ്പിന്റെ പ്രാഥമിക നിഗമനം. പിന്നെയാരാണ് റെയ്ഡ് ആസൂത്രണം ചെയ്തതെന്ന അന്വേഷണം ധനവകുപ്പ് നടത്തുന്നുണ്ട്. നടന്ന സംഭവങ്ങളെപ്പറ്റി കെ.എസ്.എഫ്.ഇ.യും ധനവകുപ്പിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. റെയ്ഡ് നടത്തുകയും വിവരങ്ങൾ അനൗദ്യോഗികമായി ചോർത്തുകയും ചെയ്തത് സ്ഥാപനത്തെ അപകീർത്തിപ്പെടുത്താനാണെന്നാണ് ധനവകുപ്പിന്റെയും കെ.എസ്.എഫ്.ഇയുടെയും വിലയിരുത്തൽ. സ്ഥാപനങ്ങളിൽ റെയ്ഡ് നടന്നാൽ സാധാരണയായി വിജിലൻസ് പത്രക്കുറിപ്പ് ഇറക്കാറുണ്ട്. പ്രാഥമിക കണ്ടെത്തലുകൾ വെളിപ്പെടുത്താറുമുണ്ട്. ഇതുവരെ റെയ്ഡിനെക്കുറിച്ച് വിജിലൻസ് പത്രക്കുറിപ്പിറക്കുകയോ ഔദ്യോഗികമായി വിവരങ്ങൾ അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും ആരോപണമുണ്ട്. കെ.എസ്.എഫ്.ഇയിൽ നടക്കുന്ന പരിശോധന നാടകമാകരുത്. വിജിലൻസ് അന്വേഷണത്തിന് ആരും എതിരല്ലെന്ന് ഐസക് ആലപ്പുഴയിൽ പറഞ്ഞു. എതിരാളികൾക്ക് താറടിക്കാൻ അവസരം ഉണ്ടാക്കികൊടുക്കരുത്. എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ആർക്കുമില്ല. വിജിലൻസ് ഭാഗത്തുനിന്നുള്ള വീഴ്ച സർക്കാർ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. Content Highlight: Minister Thomas isaac rages against KSFE Vigilance raid


from mathrubhumi.latestnews.rssfeed https://ift.tt/3o6KUYX
via IFTTT