Breaking

Sunday, November 29, 2020

കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലുണ്ടാവും

കൊച്ചി: ബി.ജെ.പി.യിലെ ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ ഉയർത്തുന്ന വിഷയങ്ങളിൽ ദേശീയ നേതൃത്വത്തിന്റെ ഇടപെടലുണ്ടാവും. നേതൃത്വത്തിനുമുന്നിൽ അസംതൃപ്തരുടെ പ്രശ്നങ്ങൾ ശക്തമായി ഉന്നയിക്കപ്പെട്ടുകഴിഞ്ഞു. പ്രശ്നത്തിന് പരിഹാരമില്ലാതെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി സഹകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ശോഭയും സംഘവും. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കേന്ദ്രനേതൃത്വം നിർദേശിച്ചതുപോലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ സംസ്ഥാന നേതൃത്വം തുടങ്ങിയിട്ടില്ല. ശോഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മുൻനിരയിൽ ഉണ്ടാവുമെന്ന ഒഴുക്കൻ പ്രസ്താവന നടത്തുക മാത്രമാണ് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ചെയ്തത്. ഇത് ഇവരുടെ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.സംസ്ഥാനത്ത് പാർട്ടിയിൽ നിലനിൽക്കുന്ന അസംതൃപ്തി ദേശീയ നേതൃത്വത്തിന് ബോധ്യമായിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ വനിതാ മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ ശോഭയെ പിന്തുണച്ചുകൊണ്ടുള്ള അഭിപ്രായപ്രകടനമാണ് നടത്തിയത്. വീടിനകത്ത് അസംതൃപ്തിയുണ്ടെങ്കിൽ അത് പറയുന്നതിൽ തെറ്റൊന്നുമില്ലെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. ശോഭ ഉന്നയിച്ച പ്രശ്നങ്ങൾ പാർട്ടി ശ്രദ്ധിക്കുമെന്നും ഉചിതമായ സ്ഥാനം നൽകുമെന്നും അവർ പരസ്യമായി പറഞ്ഞു. ബി.ജെ.പി.യുടെ കേരളത്തിന്റെ പ്രഭാരിയായ സി.പി. രാധാകൃഷ്ണൻ ആദ്യമായി സംസ്ഥാനത്ത് എത്തിയപ്പോഴും ശോഭാ സുരേന്ദ്രനുമായി സംസാരിച്ചിരുന്നു. പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബി.ജെ.പി. കോർ കമ്മിറ്റിയിലെ സംസ്ഥാനത്തെ ഏക വനിതാ സാന്നിധ്യമായ ശോഭയെ മാറ്റിനിർത്തിയത് വാനതി ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരും. പാർട്ടി പുനഃസംഘടനയിൽ സംസ്ഥാനത്തെ മഹിളാമോർച്ചയിലും കടുത്ത അതൃപ്തിയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് പാർട്ടിയിലെ അസംതൃപ്തി ഒഴിവാക്കേണ്ടതാണെന്ന കാര്യവും അവർ ദേശീയനേതൃത്വത്തെ ബോധ്യപ്പെടുത്തും.ഡൽഹിയിൽ പാർട്ടി നേതൃത്വത്തിലുള്ള എം.പി.മാർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി അസംതൃപ്തർ ആശയവിനിമയം നടത്തിയിട്ടുണ്ട്. മുരളീധരവിഭാഗത്തിന്റെ സംസ്ഥാനത്തെ പ്രവർത്തനങ്ങളിൽ അതൃപ്തിയുള്ള നേതാക്കളും അതിലുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3lfBDMf
via IFTTT