Breaking

Sunday, November 29, 2020

കെ.എസ്.എഫ്.ഇ; അന്നേ എ.ജി. പറഞ്ഞു, ‘ചിട്ടിനടത്തിപ്പിൽ ക്രമക്കേടുണ്ട്’

തിരുവനന്തപുരം: കെ.എസ്.എഫ്.ഇ. ചിട്ടി നടത്തിപ്പിൽ ക്രമക്കേടുണ്ടെന്ന് ആദ്യം കണ്ടെത്തിയത് അക്കൗണ്ടന്റ് ജനറലിന്റെ(എ.ജി.) പരിശോധനയിൽ. കഴിഞ്ഞദിവസം നടന്ന വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയ അപാകങ്ങളിൽ പലതും നേരത്തേ നടന്ന എ.ജി. ഓഡിറ്റിലും സ്ഥരീകരിച്ചതാണ്. ചിട്ടിനടത്തിപ്പ്, സ്വർണപ്പണയവായ്പ, ഭൂപണയം എന്നിവയിൽ ക്രമക്കേടുണ്ടെന്ന് കഴിഞ്ഞ ഏപ്രിലിൽ സമർപ്പിച്ച എ.ജി.യുടെ റിപ്പോർട്ടിലുണ്ട്. ഇതു ശരിവെക്കുന്ന വിവരങ്ങളാണ് വിജിലൻസ് പരിശോധനയിലും തെളിഞ്ഞത്. സ്വർണപ്പണയവായ്പ സ്വകാര്യ പണമിടപാടുകാർ ദുരുപയോഗം ചെയ്തെന്നായിരുന്നു എ.ജി.യുടെ പ്രധാന കണ്ടെത്തൽ. കൂടിയ പലിശയ്ക്ക് സ്വകാര്യ പണയമിടപാടുകാർ എടുത്ത പണയപ്പണ്ടങ്ങൾ കെ.എസ്.എഫ്.ഇ. ശാഖകളിൽ കുറഞ്ഞ പലിശയ്ക്ക് പണയപ്പെടുത്തി. ഇതിന് ജീവനക്കാരുടെ സഹായവും കിട്ടി. ഒരാൾക്ക് ദിവസം മൂന്നുവായ്പകളിൽ കൂടുതൽ അനുവദിക്കരുതെന്ന വ്യവസ്ഥ പാലിച്ചില്ല. സ്വകാര്യപണമിടപാടുകാരാണെന്ന അറിവോടെയാണ് ശാഖാ മാനേജർമാർ വായ്പ അനുവദിച്ചത്. ഇക്കാര്യം കെ.എസ്.എഫ്.ഇ. ജീവനക്കാർ എ.ജി. ഉദ്യോഗസ്ഥരോടു സമ്മതിച്ചു. ഇതിന്റെ പൂർണവിവരങ്ങൾ ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. തിരിച്ചെടുക്കാത്ത സ്വർണാഭരണങ്ങൾ കൃത്യസമയത്ത് ലേലം ചെയ്തിരുന്നില്ല. ലേലം വൈകിയതുവഴി ആറുശാഖകളിൽ മാത്രം 1.21 കോടി രൂപ നഷ്ടമുണ്ടായി. ചില ശാഖകളിൽ 37 മാസംവരെ ലേലം വൈകി. തിരിച്ചടവ് മുടങ്ങിയ ചിട്ടികളിലും വായ്പയനുവദിച്ചു. 10 ശതമാനം വരിസംഖ്യ അടയ്ക്കാത്ത ചിട്ടികളിൽവരെ വായ്പ നൽകിയതായി എ.ജി. കണ്ടെത്തി. മതിയായ ഇടപാടുകാരില്ലാതെ പൊള്ളച്ചിട്ടികൾ നടത്തുന്നുണ്ടെന്ന വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ സാധൂകരിക്കുന്നതാണ് ഓഡിറ്റ് റിപ്പോർട്ട്. ജീവനക്കാരും ചിട്ടിയിൽ പങ്കെടുക്കുന്നവരും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഭൂപണയവായ്പകളിലും എ.ജി. ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇത് വിജിലൻസും ശരിവെക്കുന്നു. വസ്തുവിന്റെ വിപണിമൂല്യത്തിൽ കൂടുതൽ വായ്പകൾ നൽകി. ഒരു ശാഖയിൽ പണയപ്പെടുത്തിയ വസ്തു മറ്റൊരു ശാഖയിലും ചിട്ടിയുടെ ഈടിൽ പണയപ്പെടുത്തി. വിഴിഞ്ഞം ശാഖയിൽ നടന്ന ക്രമക്കേടിന് മാനേജർക്കെതിരേ വകുപ്പുതല നടപടിക്കും ശുപാർശ ചെയ്തിരുന്നു. Content Highlights:KSFE Chit fund irregularitiesKSFE Chit fund irregularities


from mathrubhumi.latestnews.rssfeed https://ift.tt/2VfQko0
via IFTTT