Breaking

Monday, November 30, 2020

നാനൂറ് പുലിനഖങ്ങളുമായി നാലംഗസംഘം പിടിയിൽ, കടുവനഖങ്ങളും കണ്ടെത്തി

ബെംഗളൂരു: നാനൂറ് പുലിനഖങ്ങളും ആറു കടുവനഖങ്ങളുമായി സ്ത്രീയുൾപ്പെടെ നാലുപേർ പിടിയിൽ. മൈസൂരു സ്വദേശികളായ പ്രശാന്ത് കുമാർ (34), കാർത്തിക് (28), ആന്ധ്രാപ്രദേശ് സ്വദേശികളായ പ്രമീളാ റെഡ്ഡി (39), സായ് കുമാർ (46) എന്നിവരാണ് കർണാടക കത്രിഗുപ്പെ പോലീസിന്റെ പിടിയിലായത്. ബെല്ലാരി, തുമകൂരു, ബന്ദിപ്പൂർ, നാഗർഹോളെ വനമേഖലകളിൽനിന്നും ആന്ധ്രാപ്രദേശിലെ വിവിധ പ്രദേശങ്ങളിൽനിന്നുമാണ് ഇവ ശേഖരിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഗ്രാമീണരിൽനിന്നും വേട്ടക്കാരിൽനിന്നും വന്യമൃഗങ്ങളുടെ നഖവും തോലുകളും ശേഖരിക്കുന്ന സംഘത്തിലെ കണ്ണികളാണിവരെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബനശങ്കരിയിൽവെച്ച് സംഘം പിടിയിലായത്. കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ തോലും ഇവരിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. ഇത്തരം വസ്തുക്കൾ വാങ്ങുന്ന നഗരത്തിലെ ചിലരെ കാണാനാണ് ഇവർ എത്തിയതെന്ന് പോലീസ് പറഞ്ഞു. പിടിയിലായവരെ ചോദ്യംചെയ്തതിൽനിന്ന് സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുള്ള സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. വനത്തിൽ ചാകുന്ന മൃഗങ്ങളുടെ നഖവും തോലുകളും ശേഖരിക്കുന്ന ഗ്രാമീണരിൽനിന്നാണ് സംഘം ഇവ വാങ്ങുന്നത്. പിന്നീട് ആവശ്യക്കാർക്ക് വലിയ വിലയ്ക്ക് വിൽക്കുകയാണു പതിവ്. വേട്ടയാടിപ്പിടിച്ച മൃഗങ്ങളുടെ നഖങ്ങളും തോലുകളും ഇക്കൂട്ടത്തിലുണ്ടോയെന്ന കാര്യം പോലീസ് പരിശോധിച്ചുവരികയാണ്. രണ്ടാഴ്ചമുമ്പ് ആന്ധ്രാപ്രദേശ് സ്വദേശികളായ രണ്ടുപേർ പുലിനഖങ്ങളുമായി നഗരത്തിൽ പിടിയിലായിരുന്നു. ഈ സംഘവുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. വന്യമൃഗങ്ങളുടെ നഖവും പല്ലുകളും തോലും വാങ്ങുന്ന നഗരത്തിലെ സംഘത്തെക്കുറിച്ചും പോലീസ് അന്വേഷണം തുടങ്ങി. ആഭരണങ്ങളും അലങ്കാരവസ്തുക്കളും നിർമിക്കാനാണ് ഇവ ഉപയോഗിക്കുന്നതെന്ന് പോലീസ് പറഞ്ഞു. Content Highlights:400 leopard and 6 tiger nails seized; 4 arrested


from mathrubhumi.latestnews.rssfeed https://ift.tt/2Jl7dv9
via IFTTT