Breaking

Friday, November 27, 2020

മുഖ്യമന്ത്രിയുടെ ഓഫീസിനെ നിരീക്ഷിക്കാന്‍ പാര്‍ട്ടിസംവിധാനമില്ലെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെച്ചൊല്ലി വിവാദങ്ങൾ തുടരുമ്പോൾ അത് നിരീക്ഷിക്കേണ്ടിയിരുന്ന പാർട്ടിസംവിധാനം എവിടെപ്പോയി എന്ന വിവാദത്തിനും ചൂടേറുന്നു. പിണറായി വിജയൻ പാർട്ടി സംസ്ഥാനസെക്രട്ടറിയായിരുന്നപ്പോൾ വി.എസ്. സർക്കാരിന്റെ കാര്യങ്ങൾ നിരീക്ഷിക്കാൻ പലതലങ്ങളിൽ സംവിധാനങ്ങൾ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫുകളുടെ നിയമനത്തിലും പാർട്ടിയുടെ കടിഞ്ഞാൺ ശക്തമായിരുന്നു. നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ മന്ത്രിമാർകൂടി ഉൾപ്പെട്ട അഞ്ചംഗസമിതിയായിരുന്നു പ്രധാന സംവിധാനം. വെള്ളിയാഴ്ചകളിൽ നടക്കാറുള്ള സെക്രട്ടേറിയറ്റ് യോഗവും ഇത്തരം കാര്യങ്ങൾ ചർച്ചയ്ക്ക് വിധേയമാക്കി. ഇതിനുപുറമേയും നിരീക്ഷണസംവിധാനങ്ങൾ ഉണ്ടായിരുന്നു. കേന്ദ്രകമ്മിറ്റി അംഗം എ. വിജയരാഘവൻ, വൈക്കം വിശ്വൻ, എ.കെ. ബാലൻ എന്നിവരൊക്കെ ഇതിനായി നിയോഗിക്കപ്പെട്ടിരുന്നു. എന്നാൽ, പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി മുഖ്യമന്ത്രിയായി വന്നപ്പോൾ അത്തരം സംവിധാനങ്ങൾ ഇല്ലാതാവുകയോ ദുർബലമാവുകയോ ചെയ്തു എന്നാണ് വിലയിരുത്തൽ. ബിരുദധാരികളും 60 വയസ്സ് കവിയാത്തവരും മതി മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ എന്നത് പാർട്ടിനേതൃത്വംതന്നെ സ്വീകരിച്ച മാനദണ്ഡമായിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ കാര്യത്തിൽ അത് ബാധകമായില്ല. രവീന്ദ്രന്റെ കാര്യം മുഖ്യമന്ത്രി തന്നെയാണ് അവതരിപ്പിച്ചതും. പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിതനായ താരതമ്യേന ഇളംമുറക്കാരനായ സംസ്ഥാനകമ്മിറ്റി അംഗത്തിന് ജനകീയ വിഷയങ്ങളിലും രാഷ്ട്രീയകാര്യങ്ങളിലും വേണ്ടവിധം പ്രവർത്തിക്കാനായില്ലെന്നും കരുതുന്നവരുണ്ട് ഭരണത്തിന്റെ രണ്ടാംവർഷം എം.വി. ജയരാജൻ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയതോടെ രാഷ്ട്രീയക്കാർക്കും എം.എൽ.എ.മാർക്കുമെല്ലാം കാര്യങ്ങൾ ചോദിക്കാനും അറിയാനുമുള്ള സംവിധാനമായി. രാഷ്ട്രീയനിരീക്ഷണം എന്നതിനെക്കാൾ എല്ലാവരുമായുള്ള ബന്ധം മികച്ചതാക്കിമാറ്റാൻ ജയരാജന് കഴിഞ്ഞു. അദ്ദേഹം കണ്ണൂർ ജില്ലാ സെക്രട്ടറിയായി പോയതോടെ ഓഫീസിന്റെ നിയന്ത്രണം വീണ്ടും ശിവശങ്കറിന്റെയും സി.എം. രവീന്ദ്രന്റെയും കൈകളിലേക്കെത്തി.


from mathrubhumi.latestnews.rssfeed https://ift.tt/3lafizT
via IFTTT