Breaking

Wednesday, November 25, 2020

പുതുവഴി തേടി കെ.എസ്.ആർ.ടി.സി.; മാർക്കറ്റിങ്ങിന് പുതിയ വിഭാഗം വരുന്നു

കൊച്ചി : പൊതുജനങ്ങളുമായി കൂടുതലടുക്കാൻ പുതിയ മാർക്കറ്റിങ് വിഭാഗം തുടങ്ങുകയാണ് കെ.എസ്.ആർ.ടി.സി. പുതിയ തസ്തിക രൂപവത്കരിക്കാൻ നിലവിലെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ല. താത്പര്യമുള്ള ജീവനക്കാരെയാണ് മാർക്കറ്റിങ് വിഭാഗത്തിലേക്ക് മാറ്റുക. ബസ് സർവീസ്, കൊമേഴ്സ്യൽ സ്പേസ്, പരസ്യം, ലോജിസ്റ്റിക്സ് തുടങ്ങിയ വിഭാഗങ്ങളുടെ മാർക്കറ്റിങ്ങിന് പുതിയ വിഭാഗത്തെ പ്രയോജനപ്പെടുത്തും. ഇതിനായി ഉദ്യോഗസ്ഥരെ നിയമിക്കും. ഓരോ ഡിപ്പോയിലും ഒാരാൾ വീതവും റീജണൽ ഓഫീസുകളിൽ അഞ്ചുപേർ വീതവും മാർക്കറ്റിങ് വിഭാഗത്തിൽ ഉണ്ടാകും. കെ.എസ്.ആർ.ടി.സി.യുടെ ബസ് ഓൺ ഡിമാൻഡ് അടക്കമുള്ള പുതിയ പദ്ധതികളുടെ പ്രത്യേകത കൂടുതൽ യാത്രക്കാരിലേക്ക് എത്തിച്ചതു വഴി മികച്ച പ്രതികരണം ഉണ്ടാകുകയും വരുമാനം ലഭിക്കുകയും ചെയ്തിരുന്നു. മാർക്കറ്റിങ് വിഭാഗത്തിലേക്ക് ആളുകളെ എടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കെ.എസ്.ആർ.ടി.സി.യെന്ന് സി.എം.ഡി. ബിജു പ്രഭാകർ പറഞ്ഞു. വൈകാതെ പരീക്ഷ നടത്തും. ശേഷം അഭിമുഖം നടത്തി ജീവനക്കാരെ നിയമിക്കും. വിദ്യാഭ്യാസ യോഗ്യതയോ പ്രായപരിധിയോ പ്രവൃത്തി പരിചയമോ ഒന്നും മാർക്കറ്റിങ് വിഭാഗത്തിലേക്ക് പ്രവേശിക്കാൻ കടമ്പയാകില്ല. താത്പര്യമുള്ള, നല്ല രീതിയിൽ സംസാരിച്ചു ജനങ്ങളെ ബോധവത്കരിപ്പിക്കാൻ കഴിയുന്നവരെയാണ് തിരഞ്ഞെടുക്കുക. മാർക്കറ്റിങ്ങിനു പുറത്ത് ഒരു ഏജൻസിയെ ഏൽപ്പിച്ചാൽ വൻ തുക ഫീസ് നൽകേണ്ടി വരും. സ്വന്തം വകുപ്പിന്റെ നിലനില്പിന്റെ കാര്യമായതിനാൽ ആത്മാർത്ഥമായി ജീവനക്കാർ പ്രവർത്തിക്കുമെന്നാണ് കെ.എസ്.ആർ.ടി.സി. അധികൃതർ കരുതുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/39eve1O
via IFTTT