Breaking

Friday, November 6, 2020

കമ്പനി ഡയറക്ടര്‍ ശിവശങ്കര്‍: കൊക്കൊണിക്സ് തട്ടിപ്പിനുള്ള മറയെന്ന് കെ. ശിവദാസൻ നായർ

പത്തനംതിട്ട: സർക്കാർ സ്ഥാപനങ്ങളിൽ കംപ്യൂട്ടറും ലാപ്ടോപ്പുകളും നൽകുന്നതിന്റെ മറവിൽ വൻതട്ടിപ്പിന് കളമൊരുങ്ങുന്നെന്ന് ആരോപണം. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന കൊക്കോണിക്സ് സ്വകാര്യ കമ്പനിയാണെന്നും സർക്കാർ സ്ഥാപനങ്ങളിലെ കംപ്യൂട്ടർ വിതരണം പിൻവാതിലിലൂടെ യു.എസ്.ടി. ഗ്ലോബലിനെ ഏൽപ്പിക്കുകയാണെന്നുമാണ് ആരോപണം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ കൊക്കോണിക്സ് കമ്പനിയുടെ ഡയറക്ടറായിരുന്നെന്നും കെ.പി.സി.സി. ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ കെ. ശിവദാസൻ നായർ ആരോപിച്ചു. സർക്കാർ മേഖലയിൽ കംപ്യൂട്ടറുകളും ലാപ്ടോപ്പുകളും വിതരണം ചെയ്യുന്ന സ്ഥാപനമാണിത്. തിരുവനന്തപുരം മൺവിളയിൽ രണ്ടരക്കോടി രൂപ ചെലവിലാണ് കമ്പനിക്കായി കെൽട്രോൺ കെട്ടിടം നിർമിച്ചത്. 3.25 ലക്ഷം രൂപയാണ് മാസവാടക. എന്നാൽ, ഒന്നരവർഷമായി ഒരുരൂപപോലും വാടക കെൽട്രോണിന് കൊടുത്തിട്ടില്ല. കെൽട്രോണിന്റെ ഭൂമി ഈട് നൽകി 24 കോടി വായ്പ എടുത്തതായി സംശയമുണ്ടെന്നും ശിവദാസൻ നായർ പറഞ്ഞു. 2018 ഒക്ടോബർ 22-നാണ് സ്വകാര്യ സ്ഥാപനമായി കൊക്കോണിക്സ് രജിസ്റ്റർ ചെയ്തത്. ഇതിന്റെ അഞ്ച് ഡയറക്ടർമാരിൽ ഒരാൾ ശിവശങ്കർ മാധവൻ നായർ എന്ന എം. ശിവശങ്കറാണ്. യു.എസ്.ടി. ഗ്ലോബലിന്റെ ടെക്നോപാർക്കിലുള്ള സ്ഥാപനത്തിന്റെ മെയിൽ ഐ.ഡി. ആണ് ഇതിന് നൽകിയിരുന്നത്. പ്രസാദ് കൊച്ചുകുഞ്ഞ്, വൃന്ദാ വിജയൻ എന്നിവരാണ് ഇതിന്റെ ഡയറക്ടർമാർ. ഇതിൽ പ്രസാദ് കൊച്ചുകുഞ്ഞ് കൊക്കോണിക്സ് തുടങ്ങുമ്പോൾ അതിന്റെ ഡയറക്ടറായിരുന്നു. ഈ രണ്ട് സ്ഥാപനങ്ങളുടെയും പിന്നിൽ യു.എസ്.ടി. ഗ്ലോബലാണെന്നും ശിവദാസൻ നായർ ആരോപിച്ചു. 2019 ജനുവരി 31-ന് അവതരിപ്പിച്ച ബജറ്റിൽ ധനമന്ത്രി തോമസ് ഐസക് കേരളത്തിന്റെ തനതായ കംപ്യൂട്ടർ നിർമാണ സ്ഥാപനമായി കൊകോണിക്സ് വരുന്നെന്ന് പ്രഖ്യാപിച്ചിരുന്നു. അവിടെ നൂറുപേർക്ക് തൊഴിൽ നൽകുമെന്നും പറഞ്ഞു. ദിവസങ്ങൾക്കകം മുഖ്യമന്ത്രി പിണറായി വിജയൻ കൊകോണിക്സിന്റെ ലോഗോ പ്രകാശനം ചെയ്തു. ബജറ്റ് പ്രഖ്യാപനം നടക്കുമ്പാഴും ലോഗോ പ്രകാശനം ചെയ്യുമ്പോഴും കൊകോണിക്സ് സ്വകാര്യ കമ്പനിയായിരുന്നു. പിന്നീടാണ് കെൽട്രോൺ, കെ.എസ്.ഐ.ഡി.സി. എന്നിവയെ പങ്കാളികളാക്കി പബ്ലിക് പ്രൈവറ്റ് പാർട്ട്ണർഷിപ്പ് മോഡലിലേക്ക് മാറ്റിയത്. പൊതു സ്ഥാപനങ്ങളിലേക്ക് ആവശ്യമായ കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും കേന്ദ്രീകൃതമായി വാങ്ങുന്നതിന് കെൽട്രോണിനെ സർവീസ് പ്രൊവൈഡറാക്കി ടെൻഡർ ക്ഷണിച്ചിരുന്നു. കുറഞ്ഞ തുക ക്വാട്ട് ചെയ്തത് ലെനോവ കമ്പനിയാണ്. രണ്ടാമത് കൊക്കോണിക്സ്. എന്നാൽ മൊത്തം വാങ്ങുന്ന ലാപ്ടോപ്പുകളുടെ 50 ശതമാനം ലെനോവോയുടെ അതേ നിരക്കിൽ കൊക്കോണിക്സിൽനിന്ന് വാങ്ങണമെന്ന് സർക്കാർ നിർദേശംനൽകി. ശിവശങ്കറായിരുന്നു ഇതിന് പിന്നിലെന്നും ശിവദാസൻ നായർ ആരോപിച്ചു. കോണിക്സിന്റെ ഓഹരി പങ്കാളിത്തം സംബന്ധിച്ച ധാരണാപത്രം പുറത്തുവിടണമെന്നും ഇതിന്റെ പ്രവർത്തനം എന്തെല്ലാമാണെന്ന് സമഗ്രമായ അന്വേഷണം വേണമെന്നും കെ. ശിവദാസൻ നായർ ആവശ്യപ്പെട്ടു. ആക്സിലറോൺ എന്ന കമ്പനിയുടെ ഉടമകൾ ആരെന്നും വൃന്ദ വിജയൻ ആരാണെന്നും അന്വേഷിക്കണം.


from mathrubhumi.latestnews.rssfeed https://ift.tt/364rCMu
via IFTTT