Breaking

Tuesday, November 24, 2020

നടിയെ ആക്രമിച്ച കേസ്; സാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രദീപ് കുമാര്‍ അറസ്റ്റില്‍

പത്തനാപുരം: നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയ ഗണേഷ് കുമാർ എം.എൽ.എ.യുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ അറസ്റ്റിൽ. പത്തനാപുരത്ത് നിന്ന് ബേക്കൽ പോലീസാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ കാസർകോട് സി.ഐ.യുടെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇയാളെ കാസർകോട്ടേക്ക് കൊണ്ടുപോയി. ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രദീപ് കുമാർ കോട്ടത്തലയുടെ മുൻകൂർ ജാമ്യാപേക്ഷ കാസർകോട് സെഷൻസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് തെളിവ് ശേഖരിക്കണമെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. സെഷൻസ് കോടതി ജഡ്ജി എസ്.എച്ച്. പഞ്ചാപകേശനാണ് കേസ് തീർപ്പാക്കിയത്. നടിയെ ആക്രമിച്ച കേസിലെ സാക്ഷി ബേക്കൽ മലാംകുന്ന് സ്വദേശി വിപിൻലാലിന്റെ പരാതിയിലാണ് ബേക്കൽ പോലീസ് കേസെടുത്തത്. കെ.ബി. ഗണേഷ്കുമാർ എം.എൽ.എ.യുടെ പ്രൈവറ്റ് സെക്രട്ടറിയാണ് പ്രതി പ്രദീപ്കുമാർ കോട്ടത്തല. 2014-ലെ അർണേഷ് കുമാർ കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി അറസ്റ്റ് തടയണമെന്ന് പ്രതിഭാഗം വാദിച്ചു. കൃത്യമായ കാരണം വ്യക്തമാക്കി പ്രതിയെ പോലീസിന് അറസ്റ്റ് ചെയ്യാമെന്ന് കോടതി ഉത്തരവിട്ടു. ഇക്കാര്യം അറസ്റ്റിനുശേഷം മജിസ്ട്രേറ്റിനെ ബോധ്യപ്പെടുത്തണം. സി.ആർ.പി.സി. 41 (എ) പ്രകാരം നോട്ടീസ് നൽകി വിളിപ്പിച്ച പ്രതിയെ അത്യപൂർവമായി മാത്രമേ അറസ്റ്റ് ചെയ്യാൻ പാടുള്ളൂവെന്നാണ് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചത്. നോട്ടീസ് ലഭിച്ചപ്പോൾ പ്രതി പോലീസ് മുമ്പാകെ ഹാജരായി മൊഴി നൽകിയെന്നും അന്വേഷണവുമായി സഹകരിച്ചെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. അതേസമയം പോലീസ് ജാമ്യാപേക്ഷയെ എതിർത്ത് സമർപ്പിച്ച റിപ്പോർട്ട് കോടതി പരിഗണിച്ചില്ല. മൂന്നുദിവസമായി നടന്ന വാദത്തിനുശേഷമാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. പ്രോസിക്യൂഷന് വേണ്ടി ദിനേശ് കുമാറും പ്രതിഭാഗത്തിനായി പി. പ്രേമരാജനും ഹാജരായി. മൊഴിമാറ്റണമെന്ന് ആവശ്യവുമായി പ്രദീപ്കുമാർ മാപ്പുസാക്ഷിയായ വിപിൻ കുമാറിന്റെ വീട്ടിലെത്തുകയായിരുന്നു. എന്നാൽ ആരേയും കാണാൻ സാധിച്ചില്ല. തുടർന്ന് അയൽവാസികൾ പറഞ്ഞതനുസരിച്ച് അമ്മാവൻ ജോലി ചെയ്യുന്ന കാസർകോട് ജുവലറിയിലേക്കെത്തി അവിടെ വെച്ച് അമ്മാവന്റെ മൊബൈൽ ഫോണിൽ നിന്ന് വിപിൻ കുമാറിന്റെ അമ്മയെ വിളിച്ച് മൊഴിമാറ്റണമെന്ന ആവശ്യം പ്രദീപ് കുമാർ ഉന്നയിച്ചു. തുടർന്ന് വിവിധ തരത്തിലുളള ഭീഷണിക്കത്തുകളും ഭീഷണികളും വിപിൻ കുമാറിന് നേരിടേണ്ടി വന്നു. പിന്നീട് സെപ്റ്റംബർ മാസത്തിൽ ഇയാൾ പോലീസിൽ പരാതി നൽകുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പോലീസ് ജുവലറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അതിൽ നിന്നാണ് പ്രദീപ് കുമാറിനെ തിരിച്ചറിഞ്ഞത്. അതിന്റെ അടിസ്ഥാനത്തിൽ ബേക്കൽ പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. പ്രദീപ് കുമാർ മാപ്പുസാക്ഷിയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചു എന്നായിരുന്നു പോലീസിന്റെ റിപ്പോർട്ട്. Content Highlights:Actress abduction case


from mathrubhumi.latestnews.rssfeed https://ift.tt/2Huxzdr
via IFTTT