Breaking

Sunday, November 22, 2020

തമിഴ്‌നാട്ടില്‍ 2600 കൊല്ലം പഴക്കമുള്ള മനുഷ്യനിര്‍മിത കാര്‍ബണ്‍ പദാര്‍ഥങ്ങള്‍ കണ്ടെത്തി

ചെന്നൈ: തമിഴ്നാട്ടിൽ പുരാവസ്തുഖനനം തുടരുന്ന കീലാടിയിൽ മനുഷ്യനിർമിത കാർബൺ സൂക്ഷ്മപദാർങ്ങൾ കണ്ടെത്തി. ബിസി 600 കാലഘട്ടത്തിൽ രൂപീകരിക്കപ്പെട്ടവയാണെന്ന് അനുമാനിക്കുന്ന കാർബൺ നാനോ ട്യൂബുകൾ (Carbon Nano Tubes) വൻതോതിൽ പുരാതന മൺപാത്രശേഖരം കണ്ടെത്തിയ സ്ഥലത്ത് നിന്നാണ് ലഭിച്ചത്. 2600 കൊല്ലം പഴക്കമുള്ള ഈ പദാർഥങ്ങൾ ആ കാലഘട്ടത്തിലെ മൺപാത്ര നിർമാണത്തിനായി ഉയർന്ന താപനില സൃഷ്ടിക്കാൻ സഹായിച്ച ഉപകരണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. പാത്രങ്ങളിൽ പൂശുന്നതിനായി ഉപയോഗിച്ച കാർബൺ പദാർഥങ്ങൾ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും സൂക്ഷ്മമാണെന്ന് വെല്ലൂർ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞർ അറിയിച്ചു. എഡി എട്ട്, ഒമ്പത് നൂറ്റാണ്ടിലെ മനുഷ്യനിർമിത നാനോ വസ്തുക്കളാണ് ഇതിന് മുമ്പ് കണ്ടെത്തിയ ഏറ്റവും പുരാതനമെന്ന്ഗവേഷണ സംഘത്തിലെ അംഗം വിജായനന്ദ് ചന്ദ്രശേഖരൻ പറഞ്ഞു. കാർബൺ ആറ്റങ്ങൾ കൃത്യമായി അടുക്കിവെച്ച നിലയിലാണ് ഈ പദാർഥങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്. മൺപാത്രങ്ങളിൽപൂശാനുപയോഗിക്കുന്ന വസ്തുക്കൾ സാധാരണയായി കാലാവസ്ഥാവ്യതിയാനങ്ങൾക്കനുസരിച്ച് നശിക്കാറാണ് പതിവെന്നും എന്നാൽ ഇപ്പോൾ കണ്ടെത്തിയവയ്ക്ക് കേടുപാടില്ലെന്നും ചന്ദ്രശേഖരൻ പറഞ്ഞു. കാർബൺ നാനോ പദാർഥങ്ങളുടെ രൂപകൽപനയിലെ പ്രത്യേകത കാരണമാവാം 2600 വർഷത്തോളം അവയ്ക്ക് മാറ്റം സംഭവിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സിഎൻടികൾക്ക് വൈദ്യുത, താപ ചാലകശേഷി കൂടുതലാണെന്ന് തിരുവനന്തപുരം ഐസറിലെ ശാസ്ത്രജ്ഞനായ എം എം ഷൈജു മോൻ പറഞ്ഞു. മൺപാത്രനിർമാണത്തിനിടെ ഉയർന്ന താപനില മൂലം ആകസ്മികമായി ഇവ രൂപീകൃതമായതാവാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൺപാത്രങ്ങളിൽപൂശാനുപയോഗിച്ചിരുന്ന സസ്യങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത പദാർഥങ്ങൾ ആയിരിക്കാൻ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞർ അനുമാനിക്കുന്നു. ചെടികളിൽ നിന്ന് വേർതിരിച്ച ദ്രവവസ്തുക്കളും മറ്റും മൺപാത്രങ്ങളിൽ പൂശാൻ ഉപയോഗിച്ചിരുന്നതായും ഇവ 1100-1400 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ ചുട്ടെടുത്തിരുന്നതായും തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് അളഗപ്പ യൂണിവേഴ്സിറ്റിയിലെ ചരിത്രാധ്യാപകനായ രാജവേലു എസ് പറഞ്ഞു. ചൂടാക്കുന്നത് മൂലം മൺപാത്രങ്ങൾക്ക് ദൃഢതയും കാലദൈർഘ്യവും വർധിച്ചതായും രാജവേലും കൂട്ടിച്ചേർത്തു. അന്നത്തെ ജനങ്ങൾക്ക് കാർബൺ ഘടനയെ കുറിച്ച് ധാരണയുണ്ടായിരിക്കാനിടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഘകാല ചരിത്രത്തെ കുറിച്ചുള്ള ഗവേഷണങ്ങളാണ് കീലാടിയിലെ പഠനങ്ങൾക്കുള്ള പ്രാധാന്യം. സംഘകാല സാഹിത്യത്തിൽ ഉരുക്ക് നിർമാണത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ ഇരുമ്പ് യുഗം നിലനിന്നിരുന്നതായുള്ള വാദം ദൃഢപ്പെടുത്തുന്നതാണ് ഈ ഖനനങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. പുരാതനകാലഘട്ടത്തിലെ നിർമാണപ്രക്രിയകളെ കുറിച്ചുള്ള കൂടുതൽ വിവരം ലഭിച്ചാൽ അത് ആധുനികകാലത്ത് ഉപയോഗപ്രദമാക്കാവുന്നതാണെന്ന് ബെംഗളൂരു നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ശാരദാ ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. Content Highlights; Scientists Discover Oldest Known Nano-Structures In Ancient Artifacts In Tamil Nadu


from mathrubhumi.latestnews.rssfeed https://ift.tt/2IZJosw
via IFTTT