Breaking

Friday, June 5, 2020

മൂല്യനിർണയത്തിനിടെ അധ്യാപിക കുഴഞ്ഞുവീണു; കോവിഡ് ഭയത്താൽ സഹപ്രവർത്തകർ അടുത്തില്ല

ഏറ്റുമാനൂർ: എസ്.എസ്.എൽ.സി. പരീക്ഷാ മൂല്യനിർണയത്തിനിടയിൽ അധ്യാപിക കുഴഞ്ഞുവീണു. കോവിഡ് ഭയത്താൽ സഹപ്രവർത്തകർ ആശുപത്രിയിലെത്തിക്കാൻ ഭയന്നു. രണ്ടുമണിക്കൂറിന് ശേഷം അധ്യാപികയുടെ ഭർത്താവ് എത്തിയാണ് കാറിൽ ഇവരെ ആശുപത്രിയിലെത്തിച്ചത്.സംഭവത്തെത്തുടർന്ന് പരീക്ഷാ മൂല്യനിർണയം താത്കാലികമായി നിർത്തി. വ്യാഴാഴ്ച ഉച്ചയോടെ വെട്ടിമുകൾ സെയ്ൻറ് പോൾസ് ഹൈസ്കൂളിലെ മൂല്യനിർണയ ക്യാമ്പിലാണ് സംഭവം. നേരത്തേ അധ്യാപിക കാനഡയിലുള്ള മകളുടെ അടുത്തുപോയിരുന്നു. തുടർന്ന് നാട്ടിലെത്തി ക്വാറന്റീനിൽ പ്രവേശിച്ചു. ക്വാറൻറീൻ പൂർത്തിയാക്കിയ ശേഷമാണ് മൂല്യനിർണയ ക്യാമ്പിലെത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച അധ്യാപികയെ പ്രാഥമിക പരിശോധനകൾക്കുശേഷം വൈകുന്നേരത്തോടെ വിട്ടു.71 ദിവസം ക്വാറന്റീനിൽ കഴിഞ്ഞശേഷമാണ് അധ്യാപിക എത്തിയതെന്ന് നഗരസഭാ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. എസ്. സജിത്കുമാർ പറഞ്ഞു. പൊടിയുടെ അലർജിയാണ് അസ്വസ്ഥതയ്ക്ക്‌ കാരണമെന്ന്‌ കരുതുന്നു. ഇത്രയുംപേർ പങ്കെടുക്കുന്ന മൂല്യനിർണയ ക്യാമ്പിനെക്കുറിച്ച് തങ്ങളെ ഔദ്യോഗികമായി അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകരും അനധ്യാപകരുമായി 200 പേർ ക്യാമ്പിലുണ്ടായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2BDel25
via IFTTT