Breaking

Friday, June 5, 2020

മാതാപിതാക്കൾക്കൊപ്പം ഉറങ്ങിയ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ചു

കൊട്ടിയം (കൊല്ലം) : വീടിന്റെ പിൻവാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാവ് മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ ആറുമാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. സമീപത്തെ വീടുകളിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെ പിടികൂടുമെന്ന്‌ ഉറപ്പായപ്പോൾ കുഞ്ഞിനെ നിലത്തെറിഞ്ഞശേഷം മോഷ്ടാവ് കടന്നു.തൃക്കോവിൽവട്ടം ചേരിക്കോണം തലച്ചിറ കോളനി ബീമ മൻസിലിൽ ഷെഫീക്കിന്റെയും ഷംനയുടെയും മകൾ ഷെഹ്സിയയെയാണ് മോഷ്ടാവ് തട്ടിയെടുത്തത്. വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. തുടർന്ന് കുഞ്ഞിനെ ആളൊഴിഞ്ഞ ഭാഗത്ത് ഒളിപ്പിച്ചശേഷം, ചേരിക്കോണം ചിറയിൽ ഹുസൈബയുടെയും ഹുസൈെൻറയും വീടുകളിൽ മോഷണശ്രമം നടത്തി. ശബ്ദം കേട്ടുണർന്ന ഹുസൈബ മോഷ്ടാവിനെ കണ്ട് നിലവിളിച്ച് ബഹളമുണ്ടാക്കിയതോടെ ഇയാൾ കടന്നുകളഞ്ഞു. പിന്നീടാണ് ഹുസൈന്റെ വീടിെന്റ പിൻവാതിൽ പൊളിച്ച് അകത്തുകടന്നത്. മോഷ്ടാവിനെ കണ്ട് ആടുകൾ ബഹളമുണ്ടാക്കിയതോടെ ഉണർന്ന ഹുസൈൻ മോഷ്ടാവിനെ വീടിനുള്ളിൽ കണ്ട് പിടികൂടാൻ ശ്രമിച്ചു. മൽപ്പിടിത്തത്തിനിടെ മോഷ്ടാവ് ഹുസൈനെ അടിച്ചുവീഴ്ത്തിയശേഷം ഇറങ്ങിയോടി. സമീപത്ത് ഒളിപ്പിച്ചിരുന്ന കുഞ്ഞിനെയുമെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ ഹുസൈൻ പിന്തുടർന്നതോടെ കുഞ്ഞിനെ നിലത്തെറിഞ്ഞശേഷം ബൈക്കിൽ കടന്നുകളഞ്ഞു.മോഷ്ടാവ് തറയിലേക്ക് എന്തോ വലിച്ചെറിയുന്നതുകണ്ട ഹുസൈൻ പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ കാണുന്നത്. മുഖത്താകെ ചെളിപറ്റിയ നിലയിലായിരുന്നു. ചെളിയെല്ലാം കഴുകി കുഞ്ഞിനെ വൃത്തിയാക്കിയപ്പോഴാണ് സമീപത്തെ ഷെഫീക്കിന്റെ മകളാണെന്ന് തിരിച്ചറിയുന്നത്.നാട്ടുകാർ ചേർന്ന് കുഞ്ഞിനെ വീട്ടിലെത്തിച്ചപ്പോഴാണ് കുഞ്ഞിനെ മോഷ്ടിച്ച വിവരം രക്ഷിതാക്കൾ അറിയുന്നത്. കുഞ്ഞിന്റെ കൈയിലുണ്ടായിരുന്ന സ്വർണ ചെയിൻ നഷ്ടപ്പെട്ടു. കുഞ്ഞിനെ ഉടൻ കണ്ണനല്ലൂരിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച്‌ പ്രാഥമിക ചികിത്സനൽകി. പിന്നീട് പാലത്തറയിലെ സഹകരണ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ തലയ്ക്ക് പരിക്കുണ്ട്.കണ്ണനല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പോലീസ് പരിശോധിച്ചുവരുന്നു. സംഭവസ്ഥലത്തുനിന്ന്‌ മോഷ്‌ടാവിന്റേതെന്ന്‌ കരുതുന്ന വസ്‌ത്രങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്‌.


from mathrubhumi.latestnews.rssfeed https://ift.tt/3dAlyO9
via IFTTT