തൃശൂർ: തൃശൂർ ജില്ലയിൽ സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം വർധിക്കുന്നത് ആശങ്ക പരത്തി. പലരുടേയും രോഗ ഉറവിടം കണ്ടെത്താനാകാത്തതും ആശങ്ക ഇരട്ടിച്ചു. വ്യാഴാഴ്ച ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 25 പേരിൽ 14 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. ഈ 14 പേരുടെ സമ്പർക്കപ്പട്ടിക ആരോഗ്യ വകുപ്പിന് തയ്യാറാക്കാനായിട്ടില്ല. ഗുരുതരമായ സാഹചര്യം നിലനിൽക്കുന്നതിനാൽ തൃശൂരിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ മന്ത്രി എ.സി.മൊയ്തീന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. നിയന്ത്രണങ്ങൾ സംബന്ധിച്ചും മറ്റു നടപടികളെ കുറിച്ചും യോഗത്തിൽ തീരുമാനമാകും. നിലവിൽ ജില്ലയിലൊട്ടാകെ കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി വി.എസ്.സുനിൽ കുമാർ അറിയിച്ചു. മൂന്ന് മണിക്കുള്ള യോഗത്തിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സെൻട്രൽ വെയർഹൗസ് ഗോഡൗണിലെ നാല് ചുമട്ടുതൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഗോഡൗൺ അടച്ചിട്ടുണ്ട്. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ഉൾപ്പെടെ അഞ്ച് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അടുത്ത കുറച്ച് ദിവസങ്ങളിൽ ആശുപത്രിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ആശുപത്രി സൂപ്രണ്ട് പി.കെ. ശ്രീജ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ടോടെയാണ് ആശുപത്രിയിലെ അഞ്ച് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം പുറത്തുവന്നത്. ആശുപത്രിയിലെ മുഴുവൻ ജീവനക്കാരെയും കഴിഞ്ഞദിവസം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ആശുപത്രിയിൽ അടിയന്തര സാഹചര്യത്തിലല്ലാതെ ഒരു രോഗിയെയും ചികിത്സിക്കില്ല. മറ്റ് സേവനങ്ങൾക്കും നിയന്ത്രണമുണ്ടാകും. തൃശൂർ കോർപ്പറേഷൻ ഓഫീസിലും നിയന്ത്രണമേർപ്പെടുത്തി. ഇൻസ്റ്റിറ്റിയൂഷൻ ക്വാറന്റീൻ കേന്ദ്രത്തിൽ ഡ്യൂട്ടിയ്ക്കുണ്ടായിരുന്ന നാല് ശുചീകരണ തൊഴിലാളികൾക്ക് കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിൽ കോർപ്പറേഷൻ മെയിൻ, സോണൽ ഓഫീസുകളിലേയ്ക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിക്കും. കോർപ്പറേഷൻ കോമ്പൗണ്ടിലേയ്ക്ക് കൗൺസിലർമാരുടെയും ഓഫീസ് ജീവനക്കാരുടെയും വാഹനങ്ങൾക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ. മുൻവശത്തുള്ള പ്രധാന ഗേറ്റുകളിൽക്കൂടി പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. അഴീക്കോടൻ രാഘവൻ റോഡിൽ നിന്നുള്ള ഗേറ്റിൽക്കൂടി മാത്രമേ ജനങ്ങൾക്ക് പ്രവേശനം ഉണ്ടാകൂ. ജില്ലയിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് വെറ്ററിനറി സർവകലാശാലയുടെ കീഴിൽ മണ്ണുത്തിയിലും കൊക്കാലയിലുമുള്ള ആശുപത്രികളിൽ ചികിത്സയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. പ്രവൃത്തിസമയങ്ങളിൽ അടിയന്തര ചികിത്സ വേണ്ട മൃഗങ്ങളെ മാത്രമേ പരിശോധിക്കൂ. Content Highlights:coronavirus-situation in thrissur-restrictions
from mathrubhumi.latestnews.rssfeed https://ift.tt/3hnkxeE
via
IFTTT