കോട്ടയം: എൽ.ഡി.എഫ്. സർക്കാർ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നുണ്ടോ; ഭരണരീതിയിൽ എന്തെങ്കിലും മാറ്റം വേണോ? ജനങ്ങളോട് ചോദിക്കുകയാണ് സി.പി.എം. കേരളത്തിലെ മുഴുവൻ വീടുകളിലുമെത്തി സി.പി.എം. പ്രവർത്തകർ വിവരശേഖരണം നടത്തുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽകണ്ട്, ഭരണരംഗത്ത് വേണ്ട മാറ്റങ്ങൾ വരുത്തുന്നതിനുകൂടിയാണ് ജനാഭിപ്രായം തേടുന്നത്. ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് വീടുകളിൽ ചോദ്യാവലിയുമായി എത്തുന്നത്. എതിർ രാഷ്ട്രീയപ്രവർത്തകരുടെയും നേതാക്കളുടെയും ഉൾപ്പെടെ ഒരു വീടുപോലും ഒഴിവാക്കാതെ കൃത്യമായ വിവരശേഖരണമാണ് സംസ്ഥാനസമിതി കീഴ്ഘടകങ്ങളോട് നിർദേശിച്ചിരിക്കുന്നത്. ഓരോ ഏരിയാ കമ്മിറ്റിയാണ് ചോദ്യാവലി അച്ചടിച്ച് ബ്രാഞ്ചുകൾക്ക് നൽകിയത്. ബ്രാഞ്ചുകളുടെ റിപ്പോർട്ട് ലോക്കൽ കമ്മിറ്റികൾക്ക് നൽകും. അവ ക്രോഡീകരിച്ച് ഏരിയാ കമ്മിറ്റികൾക്ക് കൈമാറും. ഏരിയാ കമ്മിറ്റി ജില്ലാകമ്മിറ്റിക്ക് നൽകും. ജില്ലാകമ്മിറ്റികളുടെ വിശദമായ പഠനറിപ്പോർട്ട് സംസ്ഥാനസമിതി അടുത്തമാസം വിലയിരുത്തും. ശബരിമല വിവാദത്തിലെ ക്ഷീണത്തിനുശേഷം സർക്കാർ കൊറോണ പ്രതിരോധത്തിലൂടെ ജനപ്രീതി തിരികെ നേടിയതായാണ് സി.പി.എം.നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇപ്പോഴുള്ള പ്രതിച്ഛായ നിലനിർത്തി കൂടുതൽ ജനക്ഷേമകരമായ പദ്ധതികൾ അടുത്ത ഒരുവർഷത്തിനുള്ളിൽ നടപ്പാക്കുന്നതിനുകൂടി ലക്ഷ്യമിട്ടാണ് ജനാഭിപ്രായം തേടുന്നത്. കാർഷിക മേഖലയ്ക്ക് നിരവധി പദ്ധതികളും ആനുകൂല്യങ്ങളും അടുത്തിടെ പ്രഖ്യാപിച്ചത് ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള ശ്രമവും പാർട്ടിപ്രവർത്തകർ നടത്തുന്നുണ്ട്. സർക്കാരിന്റെ ഓരോ ആനുകൂല്യവും ആർക്കൊക്കെ ലഭിച്ചുവെന്ന് പരിശോധിക്കും.എൽ.ഡി.എഫ്. അനുകൂലികളല്ലാത്ത കുടുംബങ്ങളോട് സൗമ്യമായി സർക്കാരിന്റെ ഓരോ പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ച് അവരുടെ അനുഭാവം നേടാനുള്ള ശ്രമങ്ങളുമുണ്ടാവും. കേരളം കൊറോണ പ്രതിരോധത്തിൽ നേടിയ മികവ് തന്നെയാവും പിന്തുണ നേടാൻ പ്രധാനമായും അവതരിപ്പിക്കുക.
from mathrubhumi.latestnews.rssfeed https://ift.tt/3gXYFpY
via
IFTTT