Breaking

Thursday, June 11, 2020

അഞ്ജു മാനസിക പീഡനം നേരിട്ടു, കോളേജിനെതിരെ സര്‍വകലാശാല അന്വേഷണ സമിതി

കോട്ടയം: പരീക്ഷാഹാളിൽ അഞ്ജു പി.ഷാജിക്ക് മാനസിക പീഡനം നേരിടേണ്ടിവന്നതായി സർവകലാശാല നിയോഗിച്ച അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കോപ്പി പിടിച്ചെന്ന് പറയുന്ന അധികാരികൾ അതിനുശേഷം കുട്ടിയെ ഏറെ നേരം ഹാളിലിരുത്തുകയുംമറ്റും ചെയ്തത് മാനസിക സംഘർഷം ഉണ്ടാക്കിയിരിക്കാം. എന്നാൽ, അന്വേഷണം തുടരുന്നെന്നും ഒന്നും വെളിപ്പെടുത്താൻ കഴിയില്ലെന്നും അന്വേഷണസംഘം പറഞ്ഞു. കുറ്റം കണ്ടെത്തിയാൽ പരീക്ഷാ ഹാളിൽ ഇരുത്തരുത് എന്നാണ് സർവകലാശാല നിയമം. അതിനാൽ അഞ്ജുവിനെ ഒരുമണിക്കൂർ ക്ലാസിൽ ഇരുത്തിയത് ഗുരുതരമായ കുറ്റമാണെന്നും അന്വേഷണ സമിതി പറയുന്നു. പ്രാഥമിക വിലയിരുത്തലിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. പരീക്ഷയെഴുതാനെത്തിയ വിദ്യാർഥിനി അഞ്ജു പി.ഷാജിയെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, എം.ജി.സർവകലാശാലാ സിൻഡിക്കേറ്റംഗങ്ങൾ ചേർപ്പുങ്കൽ ബി.വി.എം. കോളേജിൽ ബുധനാഴ്ചയാണ് പരിശോധന നടത്തിയത്. ഡോ. എം.എസ്.മുരളിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് കോളേജിലെത്തിയത്. സർവകലാശാലാ ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ചതായി അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ, ഇൻവിജിലേറ്റർ തുടങ്ങിയവരിൽനിന്ന് മൊഴിയെടുത്തു. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു. വിദ്യാർഥിനിയുടെ അടുത്തിരുന്ന് പരീക്ഷയെഴുതിയ വിദ്യാർഥിനികളുടെ വിവരങ്ങൾ ശേഖരിച്ചു. ഇവരോട് സർവകലാശാലയിലെത്തി മൊഴി തരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണസമിതി യോഗംചേർന്ന് വെള്ളിയാഴ്ച വൈസ് ചാൻസലർക്ക് ആദ്യറിപ്പോർട്ട് സമർപ്പിക്കും. കോട്ടയം എസ്.പി.ജയദേവ്, പാലാ ഡിവൈ.എസ്.പി. കെ.ബൈജുകുമാർ, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. ജെ.സന്തോഷ് കുമാർ തുടങ്ങിയവരും കോളേജിലെത്തിയിരുന്നു. പോലീസ് അന്വേഷണസംഘം, ഹാളിലെ രണ്ട് ഇൻവിജിലേറ്റർമാരുടെയും കോളേജ് പ്രിൻസിപ്പലിന്റെയും മൊഴിയെടുത്തു. ഹാളിലെ നിരീക്ഷണ ക്യാമറയിലുള്ള സംഭവങ്ങളാണ് ഇവർ പോലീസിന് നൽകിയ മൊഴിയിലും. പെൺകുട്ടിയുടെ സമീപത്തിരുന്ന് പരീക്ഷയെഴുതിയ ആറ് വിദ്യാർഥികളുടെയും മൊഴിയെടുത്തിട്ടുണ്ട്. അഞ്ജു പഠിച്ച സെന്റ് ആന്റണീസ് കോളേജിലെ രണ്ട് അധ്യാപകരുടെയും മൊഴിയെടുത്തിരുന്നു. പഠനത്തിൽ മികവ് പുലർത്തിയിരുന്നെന്നാണ് അധ്യാപകർ പോലീസിനെ അറിയിച്ചത്. Content Highlights:Anju P Shaji death row, M G University Investigation


from mathrubhumi.latestnews.rssfeed https://ift.tt/3fcdDqN
via IFTTT