ജമ്മു: കോവിഡ് ബാധിച്ചുമരിച്ചയാളുടെ ശവസംസ്കാരത്തിനിടെ സമീപവാസികളുടെ ആക്രമണം. തുടർന്ന്, പാതികത്തിയ മൃതദേഹവുമായി കുടുംബത്തിന് ഓടിരക്ഷപ്പെടേണ്ടിവന്നു. ഒടുവിൽ അധികൃതരുടെ ഇടപെടലിനെത്തുടർന്ന് വേറൊരിടത്ത് ശവസംസ്കാരം നടത്തി. ദോഡ സ്വദേശിയും ജമ്മുമേഖലയിൽ കോവിഡ് ബാധിച്ച് മരിക്കുന്ന നാലാമത്തെയാളുമായ 72-കാരൻറെ കുടുംബത്തിനാണ് ഈ ദുര്യോഗം. ജമ്മു മെഡിക്കൽകോളേജിൽ തിങ്കളാഴ്ചയാണ് ഇദ്ദേഹം മരിച്ചത്. തുടർന്ന് റവന്യൂ ഉദ്യോഗസ്ഥരുടെയും ആരോഗ്യപ്രവർത്തകരുടെയും സഹകരണത്തോടെ തൊട്ടടുത്ത ദൊമാനയിലുള്ള ശ്മശാനത്തിൽ ചിതയൊരുക്കി. ചിത കത്തിത്തുടങ്ങിയപ്പോഴേക്കും നാട്ടുകാർ സംഘടിതരായിവന്ന് ആക്രമിക്കുകയായിരുന്നു. പരേതൻറെ അടുത്തബന്ധുക്കളും ഭാര്യയും രണ്ടുമക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കല്ലുംവടികളുമായിവന്ന അക്രമികളിൽനിന്നു രക്ഷപ്പെടാൻ മൃതദേഹം തിരിച്ചെടുത്ത് ആംബുലൻസിൽ കയറ്റി രക്ഷപ്പെടേണ്ടിവന്നെന്ന് മരിച്ചയാളുടെ മകൻ പറഞ്ഞു. പോലീസുകാർ ഉണ്ടായിരുന്നെങ്കിലും ഇടപെട്ടില്ല. കൂടെവന്ന ഉദ്യോഗസ്ഥർ അപ്രത്യക്ഷരായി. എന്നാൽ ആരോഗ്യപ്രവർത്തകരും ആംബുലൻസ് ഡ്രൈവറും ആത്മാർഥമായി സഹകരിച്ചു -അദ്ദേഹം പറഞ്ഞു. പിന്നീട് കനത്ത സുരക്ഷയിൽ, ഭഗവതി നഗറിലുള്ള ശ്മശാനത്തിൽ മുതിർന്ന റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ശവസംസ്കാരം നടന്നു. സ്വന്തംജില്ലയായ ദോഡയിലേക്കു മൃതദേഹംകൊണ്ടുപോകാൻ അനുമതിതേടിയെങ്കിലും ഇവിടെത്തന്നെ സംസ്കരിക്കാൻ അധികൃതർ നിഷ്കർഷിക്കുകയായിരുന്നു. ഇത്തരം എതിർപ്പുകൾ മുൻപും ഉണ്ടായ സാഹചര്യത്തിൽ മുൻകരുതലെടുക്കേണ്ടതായിരുന്നുവെന്ന് മകൻ പറഞ്ഞു. Content Highlights: COVID-19 Victims Family Attacked Amid Funeral Escapes With Half-Burnt Body
from mathrubhumi.latestnews.rssfeed https://ift.tt/2AtRkxP
via
IFTTT