കൊട്ടാരക്കര: ഉത്ര കൊലപാതകക്കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നു കണ്ടെത്താൻ പ്രധാന പ്രതി സൂരജ്, അച്ഛൻ സുരേന്ദ്രൻ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ ഒന്നിച്ചിരുത്തി പോലീസ് മണിക്കൂറുകളോളം ചോദ്യംചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് ഇരുവരെയും കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചത്. ഉത്രയുടെ സ്വർണം ഒളിപ്പിച്ചതിലും കൊലപാതകത്തിലും കുടുംബാംഗങ്ങൾക്കു പങ്കുണ്ടോ എന്നതായിരുന്നു പ്രധാന അന്വേഷണം. ആറു മണിക്കൂറോളംനീണ്ട ചോദ്യംചെയ്യലിനൊടുവിൽ രേണുകയെയും സൂര്യയെയും പോലീസ് വിട്ടയച്ചു. ആവശ്യപ്പെട്ടാൽ വീണ്ടും എത്തണമെന്ന നിർദേശവും നൽകി. താൻ ഒറ്റയ്ക്കാണ് സ്വർണം കുഴിച്ചിട്ടതെന്നും എവിടെയാണു കുഴിച്ചിട്ടതെന്ന് രേണുകയ്ക്ക് കാട്ടിക്കൊടുത്തിരുന്നെന്നുമാണ് സുരേന്ദ്രന്റെ മൊഴി. മാർച്ച് രണ്ടിനാണ് അടൂരിലെ ലോക്കറിൽനിന്നു സൂരജ് സ്വർണമെടുത്തത്. വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണം പിടിയിലാകുന്ന ദിവസമാണ് സൂരജ് സൂക്ഷിക്കാനായി സുരേന്ദ്രനെ ഏൽപ്പിച്ചത്. അന്നു പകൽ രണ്ടിടത്തായി കുഴിച്ചിട്ടെന്നാണ് സുരേന്ദ്രന്റെ മൊഴി. റൂറൽ എസ്.പി. ഹരിശങ്കറും ഡിവൈ.എസ്.പി. അശോകനും ഉൾപ്പെടെയുള്ളവർ സുരേന്ദ്രനെ ചോദ്യംചെയ്തു. വരുംദിവസങ്ങളിലും ചോദ്യംചെയ്യൽ തുടരും. സ്വർണത്തിന്റെ ബാക്കി എവിടെ? വിവാഹത്തിന് നൂറുപവനിലധികം സ്വർണമാണ് ഉത്രയ്ക്ക് വീട്ടുകാർ നൽകിയത്. കുഞ്ഞിന്റെ പിറന്നാളിന് വേറെയും സ്വർണം നൽകി. ഇതിൽ 38 പവൻ മാത്രമാണ് പറക്കോടുള്ള വീട്ടിൽനിന്നു പോലീസ് കണ്ടെടുത്തത്. ബാക്കി സ്വർണം ലോക്കറിൽ ഉണ്ടെന്നാണ് സൂരജിന്റെ മറുപടിയെങ്കിലും കുറച്ചുസ്വർണം മാത്രമേ ലോക്കറിലുണ്ടാകൂ എന്നാണ് പോലീസിന്റെ നിഗമനം. സ്വർണം വിറ്റിരുന്നോ എന്നു പോലീസ് സംശയിക്കുന്നു. വീട്ടിൽത്തന്നെ മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നെന്നും പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് അച്ഛനു കൈമാറിയതെന്നുമാണ് സൂരജ് പോലീസിനു നൽകിയ മൊഴി. സൂരജ് അറസ്റ്റിലായശേഷം സ്വർണം സംബന്ധിച്ച ചോദ്യങ്ങൾ ഉയർന്നെങ്കിലും ഒന്നും അറിയില്ലെന്നായിരുന്നു വീട്ടുകാരുടെ പ്രതികരണം. Content Highlights:kollam anchal uthra snake bite murder case; renuka and surya interrogation
from mathrubhumi.latestnews.rssfeed https://ift.tt/2XUfVUx
via
IFTTT