Breaking

Friday, June 12, 2020

'എതിര്‍ക്കുന്നവര്‍പോലും അംഗീകരിക്കുന്ന സംഘാടനപാടവവും ധീരതയും'; കുഞ്ഞനന്തനെ അനുസ്മരിച്ച് കെ.കെ. ശൈലജ

തിരുവനന്തപുരം: പി.കെ.കുഞ്ഞനന്തന്റെ മരണത്തിൽ അനുശോചനവുമായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. എതിർക്കുന്നവർ പോലും അംഗീകരിക്കുന്ന സംഘാടനപാടവവും ധീരതയും പി.കെ.കുഞ്ഞനന്തന്റെ പ്രത്യേകതയായിരുന്നു. പാനൂരിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ച സഖാവിന്റെ വിയോഗം പാർട്ടിക്കും പാനൂർ മേഖലയിലെ ജനങ്ങൾക്കും തീർത്താൽ തീരാത്ത നഷ്ടമാണെന്നും മന്ത്രി പറഞ്ഞു. കക്ഷി-രാഷട്രീയ ഭേദമെന്യേ നാട്ടുകാർക്ക് അദ്ദേഹം കുഞ്ഞനന്തേട്ടൻ ആയിരുന്നു. പാനൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഊർജ്ജമാണ് സഖാവ് കുഞ്ഞനന്തേട്ടൻ. എല്ലാ വിഭാഗം ജനങ്ങളോടും അടുപ്പം വെച്ച് പുലർത്തിയിരുന്ന കുഞ്ഞനന്തേട്ടന്റെ വിയോഗത്തിൽ സഖാക്കൾക്കും ബന്ധുക്കൾക്കും ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. എതിരാളികളുടെ ആക്രമണങ്ങൾ ചെറുത്ത് പാനൂരിൽ പാർട്ടി പടുത്തുയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച സഖാവാണ് പി.കെ.കുഞ്ഞനന്തനെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. പാർട്ടിയെ അഗാധമായി സ്നേഹിച്ച അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാനൂരിലും പരിസരത്തും മാർക്സിസ്റ്റ് വിരുദ്ധരുടെ കടന്നാക്രമണങ്ങളെ വെല്ലുവിളിച്ച് ചെങ്കൊടി ഉയർത്തിപ്പിടിച്ച ധീരനായ വിപ്ലവകാരിയായിരുന്നു കുഞ്ഞനന്തനെന്ന് പി. ജയരാജൻ പറഞ്ഞു. ആർഎസ്എസ് പോലുള്ള ഫാസിസ്റ്റു വർഗ്ഗീയ ശക്തികളെ എതിരിടുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ച സഖാവായിരുന്നു അദ്ദേഹം. യുഡിഎഫ് ഭരണകാലത്ത് വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും അദ്ദേഹത്തെ വേട്ടയാടിയെന്നും ഭീകരാണെന്ന് മുദ്രകുത്തി പ്രചാരവേല നടത്തിയെന്നും പി.ജയരാജൻ പറഞ്ഞു. Content Highlights: K. K. Shailaja, E. P. Jayarajan, P. Jayarajan condolence P K Kunjananthan


from mathrubhumi.latestnews.rssfeed https://ift.tt/3huJlBM
via IFTTT