Breaking

Saturday, June 20, 2020

ജോലിക്കാരായ വീട്ടമ്മമാരോട് പൊന്നാനി പറയുന്നു; അടുക്കള ഒഴിവാക്കൂ, അടുക്കള തൊഴിലാക്കൂ

മലപ്പുറം: ജോലിക്കുപോകുന്ന സ്ത്രീകൾ രാവിലെ അടുക്കളയിൽ കിടന്നുപിടയുന്നത് പൊന്നാനിയിൽ ഇനി പഴങ്കഥയാകും. ഇടശ്ശേരിക്കും എം. ഗോവിന്ദനും ഉറൂബിനുമെല്ലാം ജന്മം നൽകിയ ഈ നാട്ടിൽനിന്ന് ഒരു പുത്തൻ മുദ്രാവാക്യം ഉയരുകയാണ്. അടുക്കള ഒഴിവാക്കൂ, അടുക്കള തൊഴിലാക്കൂ. ജോലിക്കുപോകുന്ന വീട്ടമ്മമാർ അടുക്കളയോട് വിടപറയുക. അതേസമയം അടുക്കള മറ്റുചിലർക്ക് തൊഴിലാക്കി മാറ്റുക. ഇതാണ് ഈ ആശയം. പ്രഭാതഭക്ഷണവും ഉച്ചയ്ക്കും രാത്രിയും ചോറിനുള്ള കറികളും മറ്റു വിഭവങ്ങളും രാവിലെ ഏഴ്, ഏഴരയോടെ വീട്ടിലെത്തും. ചോറുമാത്രം സ്വന്തമായി തയ്യാറാക്കിയാൽ മതി. നാലുപേരുള്ള ഒരു കുടുംബത്തിന് ദിവസം വരുന്ന ചെലവ് 160 രൂപ മാത്രം. സ്വന്തമായി തയ്യാറാക്കുമ്പോൾ ഇതിൽ കൂടുതൽ തുക വരുമെന്ന് ബാങ്കുദ്യോഗസ്ഥയായ വീട്ടമ്മ രാഖി പറയുന്നു. ആഴ്ചയിൽ രണ്ടുദിവസം മീൻ കറി, ഒരു ദിവസം കോഴിക്കറി ഉൾപ്പെടെ വിഭവങ്ങൾ. സി.പി.എം. പൊന്നാനി ഏരിയാ സെക്രട്ടറി കെ.പി. ഖലീമുദ്ദീൻ, സുഹൃത്തും ബാങ്ക് ജീവനക്കാരനുമായ വി. രമേശൻ തുടങ്ങി ഏതാനും ചിലരാണ് ആശയത്തിന്റെ ഉടമസ്ഥർ. പരിചയക്കാരനായ തണ്ടിലത്ത് സുന്ദരനും ഭാര്യ പ്രിയയും ഭക്ഷണം തയ്യാറാക്കാൻ മുന്നോട്ടുവന്നു. അവർ നൂറു രൂപയാണ് ആവശ്യപ്പെട്ടത്. എന്നാൽ രമേശനും ഖലീമും സമ്മതിച്ചില്ല. 150 രൂപ ഭക്ഷണത്തിനും പത്തു രൂപ എത്തിക്കാനുള്ള ചെലവുമടക്കം 160 രൂപ. അതായിരുന്നു അവരുടെ ഓഫർ. 22 കുടുംബങ്ങൾ വന്നുകഴിഞ്ഞു. 25 തികഞ്ഞാൽ പുതിയ വെപ്പുകാരെ കണ്ടെത്തും. പൊന്നാനി മുനിസിപ്പാലിറ്റിയിൽ മുഴുവൻ പദ്ധതി നടപ്പാക്കണമെന്നാണ് ഇരുവരും ആഗ്രഹിക്കുന്നത്. പ്രഭാതഭക്ഷണം ഇഡ്ഢലി, പുട്ട്, ദോശ തുടങ്ങി ഓരോദിവസം ഓരോ വിഭവം. ആറേഴ് തട്ടുള്ള രണ്ടുജോഡി ചോറ്റുപാത്രം, പിന്നെ ദോശയ്ക്കു വീതിയുള്ള മറ്റൊരു പാത്രവും പദ്ധതിയിൽ ചേർന്ന വീട്ടുകാർക്ക് എത്തിച്ചു. എട്ടു ദിവസത്തിലൊരിക്കൽ മാത്രമാണ് പ്രാതൽ ആവർത്തിക്കുക. മാസം ഇരുപത്, ഇരുപത്തയ്യായിരം രൂപ തയ്യാറാക്കുന്നവർക്ക് ലഭിക്കുമെന്നാണ് ഏകദേശ കണക്ക്. മാസം 4500 രൂപയ്ക്ക് വീട്ടിലെ നാലംഗങ്ങൾക്ക് ഭക്ഷണം കിട്ടുന്നത് കുടുംബബജറ്റിനും ഗുണം തന്നെയെന്ന് വീട്ടമ്മമാരും സാക്ഷ്യപ്പെടുത്തുന്നു. അടുത്ത ഇരുപത്തിയഞ്ചിന്റെ ഗ്രൂപ്പിൽപ്പെടാനായി ആളുകൾ കാത്തിരിക്കുകയാണ്. content highlights:ponnani kitchen story


from mathrubhumi.latestnews.rssfeed https://ift.tt/3ejq3NI
via IFTTT