Breaking

Friday, June 12, 2020

ആശുപത്രികള്‍ നിറയും, വെന്റിലേറ്ററുകള്‍ ഒഴിവില്ലാതാകും; അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്‌

ന്യൂഡൽഹി: രാജ്യത്ത് കൊറോണവൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. നിലവിലെ സാഹചര്യം തുടർന്നാൽ വെന്റിലേറ്ററുകളും ഐസിയുകളും നിറഞ്ഞ് കോവിഡ് ചികിത്സയിൽ ഗുരുതരമായ സ്ഥിതിവിശേഷമാകും വരികയെന്നാണ് മുന്നറിയിപ്പ്. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഉത്തർപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങൾക്കാണ് മുന്നറിയിപ്പ്. ഇവിടങ്ങളിലെ നിലവിലെ സാഹചര്യം തുടർന്നാൽ അടുത്ത മൂന്ന് മാസത്തേക്ക് ഐസിയു കിടക്കകളും വെന്റിലേറ്ററുകളും ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ പറയുന്നു. ഡൽഹിയിൽ ജൂൺ മൂന്നിന് തന്നെ ഐസിയു കിടക്കകൾ ഒഴിവില്ലാതായതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇപ്പോൾ വെന്റിലേറ്ററുകളും നിറഞ്ഞു. ഓക്സിജൻ സജ്ജീകരണമുള്ള ഐസൊലേഷൻ ബെഡുകൾ ജൂൺ 25 ഓടെ നിറയുമെന്നും വിലയിരുത്തുന്നു. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ വിലയിരുത്തൽ. മഹാരാഷ്ട്രയിൽ ജൂൺ എട്ട് മുതൽ ഐസിയു കിടക്കകളുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂലായ് 27 ഓടെ വെന്റിലേറ്ററുകളും ഒഴിവില്ലാതാകും. തമിഴ്നാട്ടിൽ ഐസിയു ബെഡുകളും വെന്റിലേറ്ററുകളും ജൂലൈ ഒമ്പതോടെ നിറയും. സമാനമായ സ്ഥിതി തുടർന്നാൽ മറ്റു അഞ്ചു സംസ്ഥാനങ്ങളിലും ഗുരുതരമായ സാഹചര്യമുണ്ടാകുമെന്നും വിലയിരുത്തലുണ്ട്. ഹരിയാന, കർണാടക, ജമ്മു കശ്മീർ, മധ്യപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളോട് അടുത്ത രണ്ടു മാസത്തേക്ക് ആശുപത്രികളുടെ ശേഷി വർധിപ്പിക്കാൻ ആസൂത്രണങ്ങൾ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം തന്നെ ആരോഗ്യ സംവിധാനങ്ങളുടെ നവീകരണത്തിന് ഊന്നൽ നൽകി കർമ്മ പദ്ധതി തയ്യാറാക്കാനും ആവശ്യപ്പെട്ടു. ഗുരുഗ്രാം, മുംബൈ, പാൽഘർ, ചെന്നൈ, താനെ തുടങ്ങിയ 17 ജില്ലകളിൽ അടുത്ത ഒരു മാസത്തിനുള്ളിൽ തന്നെ ആശുപത്രികൾ നിറഞ്ഞ് കവിയുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. Content Highlights:Delhi and Maharashtra among five states that may face shortfall in critical Covid care-Centre


from mathrubhumi.latestnews.rssfeed https://ift.tt/30yDWn3
via IFTTT