ലഖ്നൗ: ഉത്തർപ്രദേശിൽ സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അഭയകേന്ദ്രത്തിലെ 57 പെൺകുട്ടികൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വൈറസ്ബാധ സ്ഥിരീകരിച്ചതിൽ ഉൾപ്പെടുന്ന അഞ്ച് ഗർഭിണികളിൽ രണ്ട് പേർ പ്രായപൂർത്തിയാവാത്തവരാണ്. പ്രായപൂർത്തിയാവാത്ത ഗർഭിണികളിൽ ഒരാൾ എച്ച് ഐ വി പോസിറ്റീവാണ്. 57 പെൺകുട്ടികളേയും ആശുപത്രിയിലേക്ക് മാറ്റി. സ്ഥാപനത്തിലെ ജീവനക്കാരേയും മറ്റു പെൺകുട്ടികളേയും ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും സ്ഥാപനം താത്ക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തു. അഭയകേന്ദ്രത്തിലെ ഒരു യുവതിയ്ക്ക് ഒരാഴ്ച മുമ്പ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് കൂടുതൽ പേർക്ക് പരിശോധന നടത്തിയത്. ജൂൺ 18 ന് 33 പേർക്കും അടുത്ത് രണ്ട് ദിവസങ്ങളായി എട്ട് പേർക്കും കോവിഡ്-19 സ്ഥിരീകരിച്ചു. ആശുപത്രിയിൽ നിന്നായിരിക്കാം കേന്ദ്രത്തിലെ പെൺകുട്ടികൾക്ക് കോവിഡ് പകർന്നതെന്ന് സംസ്ഥാന വനിതാകമ്മിഷൻ അംഗം പൂനം കപൂർ പറഞ്ഞു. ആഗ്ര, എട്ടാ, കനൗജ്, ഫിറോസാബാദ്, കാൺപുർ എന്നിവടങ്ങളിലെ ശിശുക്ഷേമസമിതികളിൽ നിന്നെത്തിയതാണ് അഞ്ച് പെൺകുട്ടികളെന്നും സ്ഥാപനത്തിലെത്തുന്നതിന് മുമ്പ് തന്നെ ഇവർ ഗർഭിണികളായിരുന്നുവെന്നും കാൺപുർ ജില്ലാ മജിസ്ട്രേറ്റ് ബ്രഹ്മദേവ് തിവാരി വ്യക്തമാക്കി. കാൺപുർ ശിശുക്ഷേമസമിതി എത്തിച്ച രണ്ട് ഗർഭിണികളായ പെൺകുട്ടികൾ കൂടി കേന്ദ്രത്തിലുണ്ടെന്നും എന്നാൽ ഇവർക്ക് കോവിഡ് ബാധയില്ലെന്ന് പരിശോധനയിൽ തെളിഞ്ഞതായും ബ്രഹ്മദേവ് തിവാരി അറിയിച്ചു. രണ്ട് പെൺകുട്ടികൾക്ക് കോവിഡ് പരിശോധനക്കിടെയാണ് ഗർഭം സ്ഥിരീകരിച്ചതെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. 17,000 പേർക്ക് രോഗബാധ സ്ഥിരീകരിച്ച ഉത്തർപ്രദേശിൽ 400 ഓളം രോഗികളുമായി രണ്ടാം സ്ഥാനത്താണ് കാൺപുർ നഗരം. നോയിഡയിലാണ് ഏറ്റവുമധികം രോഗികളുള്ളത്. നിലവിൽ 6,000 രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 507 പേർക്ക് ഇതുവരെ ജീവഹാനി സംഭവിച്ചു. Content Highlights: 57 Girls At Government-Run Home In Kanpur Test Positive For Covid-19
from mathrubhumi.latestnews.rssfeed https://ift.tt/3dp1m0Z
via
IFTTT