Breaking

Monday, June 22, 2020

സ്ത്രീ വിരുദ്ധത; സിപിഎം നേതാക്കളുടെ വിലാപം വേശ്യയുടെ ചാരിത്ര്യപ്രസംഗം പോലെ- മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: സ്ത്രീവിരുദ്ധതയെ കുറിച്ചുള്ള സിപിഎം നേതാക്കളുടെ വിലാപം വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാണെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. മന്ത്രി കെ.കെ.ശൈലജക്കെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് കുഴൽനാടന്റെ പ്രതികരണം. മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരിൽ ഒരു കോൺഗ്രസ്സ് പ്രവർത്തകനും തലകുനിക്കേണ്ടി വരില്ല. സ്ത്രീ വിരുദ്ധതയെ കുറിച്ചുള്ള സിപിഎം നേതാക്കളുടെ വിലാപം, വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാണ്. അച്യുതാനന്ദൻ മുതൽ വിജയരാഘവൻ വരെയുള്ളവരുടെ ഭാഷയും പ്രയോഗങ്ങളും കേരളസമൂഹത്തിനു മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ കെ ഷൈലജ എന്ന ആരോഗ്യ മന്ത്രി വിമർശനങ്ങൾക്ക് അതീതയാണ് എന്ന ധാരണ ആർക്കും വേണ്ട. പ്രവാസികൾക്ക് വേണ്ടി ഫ്ളൈറ്റ്ചാർട്ടർചെയ്ത സംഘടനകളോടുള്ള അവരുടെ പുച്ഛവും ടി പി ചന്ദ്രശേഖരൻ വധക്കേസിൽ കോടതി ശിക്ഷിച്ച കുറ്റവാളി കുഞ്ഞനന്ദനോട് കാണിച്ച വിധേയത്വവും ഈ അടുത്ത നാളുകളിൽ നമ്മൾ കണ്ടതാണ്. കഴിഞ്ഞ കുറേ നാളുകളായി സിപിഎമ്മിൽ ബിംബവൽക്കരണം ആണ് നടക്കുന്നത്. പിണറായി എന്ന ബിംബം, ഇപ്പോഴിതാ ശൈലജ എന്ന ബിംബം. അവരുടെ ബിംബവൽക്കരണത്തെ ചോദ്യം ചെയ്യാൻ ഞാനില്ല. പക്ഷെ അവർ വിമർശനങ്ങൾക്കതീതരാണ് എന്ന നിലപാട് ഇങ്ങോട്ട് വേണ്ട. കണ്ണൂരിലെ പി ജയരാജൻ എന്ന സഖാവ് ബിംബവൽക്കരണം പ്രോൽസാഹിപ്പിക്കുന്നു എന്നൊരാപണം ഈയിടെ സിപിഎംൽ ഉയർന്നതായി കേട്ടിരുന്നു. അതും നമ്മെ ബാധിക്കുന്ന കാര്യമല്ല. എന്നാൽ കെ കെ ഷൈലജ എന്ന മന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ മുല്ലപ്പള്ളി രാമചന്ദ്രനെ അങ്ങ് കൈകാര്യം ചെയ്തു കളയാം എന്ന് വിചാരിച്ചാൽ, അത് നടക്കില്ലെന്നും മാത്യു കുഴൽനാടൻ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/2YkADyb
via IFTTT