Breaking

Monday, June 22, 2020

രാജ്‌നാഥ് സിങ് ഇന്ന് റഷ്യയിലേക്ക്; എസ്-400 സംവിധാനം വേഗത്തിലെത്തിക്കാന്‍ ഇന്ത്യ

ന്യൂഡൽഹി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ മൂന്ന് ദിവസത്തെ റഷ്യാ സന്ദർശനത്തിന് ഇന്ന് തുടക്കം കുറിക്കും. സന്ദർശന വേളയിൽ മിസൈൽ പ്രതിരോധ സംവിധാനമായ എസ്-400 ന്റെ കൈമാറ്റം വേഗത്തിലാക്കുന്നതിനുള്ള സമ്മർദ്ദങ്ങൾ ഇന്ത്യ നടത്തും. ചൈനയുമായുള്ള അതിർത്തി തർക്കം രൂക്ഷമായ ഘട്ടം കൂടി പരിഗണിച്ചാകും ഇത്. കോവിഡ് പ്രതിസന്ധികളെ തുടർന്ന് സ്-400 സംവിധാനത്തിന്റെ കൈമാറ്റം 2021 ഡിസംബറിലേക്ക് റഷ്യ നീട്ടിവെച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. 5.4 ബില്യൺ ഡോളറിന്റെ കരാറിനുള്ള പേയ്മെന്റ് നടപടികൾ ഇന്ത്യ കഴിഞ്ഞ വർഷം പൂർത്തിയാക്കിയിരുന്നു. അതേസമയം, റഷ്യയുമായി ശക്തമായ പ്രതിരോധ ബന്ധം പുലർത്തുന്ന ചൈന ഇതിനകം തന്നെ അവിടെ നിന്ന് എസ് -400 സംവിധാനം സ്വന്തമാക്കിയിട്ടുണ്ട്. ഇത് ഇന്ത്യയുടെ ആശങ്കകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ലഡാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സായുധസേനയോട് എല്ലാ തരത്തിലും സജ്ജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആയുധങ്ങളുടെ അഭാവവും തയ്യാറെടുപ്പുകളുടെ വിടവുകളും നികത്താനുള്ള നടപടികളും സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങൾ നിലനിൽക്കെയാണ് റഷ്യയിൽ നിന്ന് എസ്-400 സംവിധാനം ലഭിക്കുന്നത് വേഗത്തിലാക്കാൻ സാധിക്കുമോ എന്നത് ഇന്ത്യ ആരായുന്നത്. യുദ്ധോപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക എന്നതാണ് രാജ്നാഥിന്റെ സന്ദർശനത്തിലെ പ്രധാന അജണ്ട. നിലവിലുള്ള സുഖോയ്, മിഗ് വിമാനഭാഗങ്ങളുടെ ലഭ്യത വേഗത്തിലാക്കുകയുംമാറുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ ഇവയുടെ ലഭ്യതയെ ബാധിക്കില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യങ്ങൾ. മോസ്കോ വിക്ടറി ഡേ പരേഡിൽ രാജ്നാഥ് പങ്കെടുക്കും. കോവിഡ് പശ്ചാത്തലത്തിൽ രാജ്നാഥ് പരേഡിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് നേരത്തെ സംശയമുണ്ടായിരുന്നു. എന്നാൽ ഈ നിർണായക ഘട്ടത്തിൽ റഷ്യൻ സർക്കാരുമായി ഇടപഴകാനുള്ള ഏറ്റവും മികച്ച അവസരമായതിനാൽ രാജ്നാഥ് സന്ദർശനം നടത്തണമെന്ന് തീരുമാനിക്കുകയായിരുന്നു. Content Highlights:Rajnath Singh's Russia visit- India to urge Russia to rush delivery of S-400 system


from mathrubhumi.latestnews.rssfeed https://ift.tt/37NPeWh
via IFTTT