ബെയ്ജിങ്: പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിൽ 1200 വിമാനങ്ങൾ റദ്ദാക്കി. നഗരത്തിൽ ബുധനാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടത് 31 പുതിയ കോവിഡ് കേസുകളാണ്. ഇതോടെ ആകെ കേസുകളുടെ എണ്ണം 137 ആയി. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സ്കൂളുകൾ അടയ്ക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. ബെയ്ജിങ്ങിൽ ഭക്ഷണ മാർക്കറ്റുമായി ബന്ധപ്പെട്ടാണ് വീണ്ടും വൈറസ് വ്യാപനം നടന്നിട്ടുള്ളതെന്നാണ് സൂചന. ഇത് കോവിഡിന്റെ രണ്ടാം തരംഗമാണെന്ന ആശങ്ക ഉയരുന്നുണ്ട്. ആളുകളോട് വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശിച്ചിട്ടുണ്ട്. പുതിയ വൈറസ് ബാധിതരുമായി ഇടപെട്ടിട്ടുണ്ടെന്ന് കരുതപ്പെടുന്ന ആയിരക്കണക്കിനു പേരെ പരിശോധനയ്ക്ക് വിധേയമാക്കി. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന 30 ജനവാസ കേന്ദ്രങ്ങൾ സമ്പൂർണ ലോക്ക്ഡൗണിലാണ്. ആദ്യ ഘട്ടത്തിലെ രോഗവ്യാപനം കുറഞ്ഞതിനെ തുടർന്ന് തുറന്ന സ്കൂളുകൾ വീണ്ടും അടച്ചു. ബെയ്ജിങ്ങിലെ പ്രധാന വിമാനത്താവളത്തിൽനിന്നുള്ള 1200 വിമാനസർവീസുകളാണ് ബുധനാഴ്ച റദ്ദാക്കിയത്. ബെയ്ജിങ്ങിൽനിന്നുള്ള വിമാനസർവീസുകളുടെ 70 ശതമാനത്തോളം വരും ഇത്. ബെയ്ജിങ്ങിൽനിന്നുള്ള യാത്രക്കാരെ ചൈനയുടെ മറ്റു പ്രവിശ്യകളിൽ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ട്. അങ്ങനെയുള്ളവരെ ക്വാറന്റീനിൽ പാർപ്പിക്കുകയണ് അധികൃതർ. നഗരത്തിലെ 11 മാർക്കറ്റുകൾ അടച്ചു. ഭക്ഷണ വിൽപന ശാലകൾ അണുവിമുക്തമാക്കിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആറ് ദിവസങ്ങൾക്കുള്ളിലാണ് 137 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. നഗരത്തിൽ ഗുരുതര സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ചൈനീസ് അധികൃതർ വ്യക്തമാക്കി. Content Highlights:Over 1,200 Flights Cancelled In Beijing Amid Fear Over New Virus Outbreak
from mathrubhumi.latestnews.rssfeed https://ift.tt/2CgsT7Z
via
IFTTT