Breaking

Tuesday, June 23, 2020

എച്ച് 1 ബി, എച്ച്-4 വിസ ഈ വര്‍ഷമില്ലെന്ന് യുഎസ്‌: ഇന്ത്യന്‍ ഐടി പ്രഫഷണലുകള്‍ക്ക് തിരിച്ചടി

വാഷിങ്ടൺ: പുതിയ കുടിയേറ്റക്കാർക്ക് ഗ്രീൻ കാർഡുകൾ നൽകുന്നത് മരവിപ്പിക്കുകയും എച്ച് -1 ബി, എച്ച് -4 എച്ച്.1 ബി വിസയിൽ എത്തുന്നവരുടെ ജീവിത പങ്കാളികൾക്ക് നൽകുന്നത് അടക്കം വിദേശികൾക്കുള്ള തൊഴിൽ വിസ ഈ വർഷം അവസാനം വരെ നിർത്തിവെക്കാനും ട്രംപ് ഭരണകൂടം തീരുമാനിച്ചു. എന്നാൽ, ഇപ്പോൾ യു.എസിൽ ജോലിചെയ്യുന്ന വിദേശികളെ ഇത് ബാധിക്കില്ല. എച്ച് -1 ബി വിസ സമ്പ്രദായം പരിഷ്കരിക്കാനും മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റത്തിന്റെ ദിശയിലേക്ക് നീങ്ങാനും ട്രംപ് നിർദേശം നൽകിയതിന് പിന്നാലെയാണ് തൊഴിൽവിസകൾ ഈ വർഷാവസാനം വരെ നിർത്താൻ വൈറ്റ് ഹൗസ് ഉത്തരവിറക്കിയത്. ഏറ്റവും പ്രഗത്ഭരായ തൊഴിലാളികൾക്ക് മുൻഗണന നൽകാനും അമേരിക്കക്കാരുടെ ജോലികൾ സംരക്ഷിക്കാനുമാണ് ട്രംപ് ഭരണകൂടം കുടിയേറ്റ നയം പരിഷ്കരിക്കുന്നത്. പരിഷ്കാരങ്ങൾ അനുസരിച്ച്, എച്ച് -1 ബി പദ്ധതി ഏറ്റവും ഉയർന്ന വേതനം വാഗ്ദാനം ചെയ്യുന്ന തൊഴിലാളികൾക്ക് മുൻഗണന നൽകും, ഉയർന്ന വൈദഗ്ധ്യമുള്ള അപേക്ഷകരെ പ്രവേശിപ്പിക്കുമെന്ന് ഉറപ്പാക്കുന്നുവെന്നും വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കൻ തൊഴിലാളികളെ മാറ്റി കുറഞ്ഞ ചെലവിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ യുഎസിലെ തൊഴിലുടമകളെ അനുവദിച്ച പഴുതുകളും ട്രംപ് ഭരണകൂടം ഈ പരിഷ്കരണത്തിലൂടെ അടയ്ക്കും. പരിഷ്കാരങ്ങൾ അമേരിക്കൻ തൊഴിലാളികളുടെ വേതനം സംരക്ഷിക്കുന്നതിനും നമ്മുടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശ തൊഴിലാളികൾ ഉയർന്ന വൈദഗ്ധ്യമുള്ളവരാണെന്ന് ഉറപ്പാക്കാനും സഹായിക്കുമെന്നാണ വൈറ്റ് ഹൗസിന്റെ വിശദീകരണം. കോവിഡ് മഹാമാരിയെത്തുടർന്ന് യുഎസ് കനത്ത സാമ്പത്തികബുദ്ധിമുട്ടിലാണ്. ലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണ് ട്രംപ് വിസാ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. Content Highlights:US President Trump suspends H-1B and H-4 visas till end of the year


from mathrubhumi.latestnews.rssfeed https://ift.tt/2NnZMly
via IFTTT