Breaking

Monday, October 25, 2021

കോവിഡ് നിയന്ത്രണം നീക്കാതെ റെയിൽവേ; വടക്കൻ കേരളത്തിൽ യാത്രാ ദുരിതം

ചെന്നൈ: പാസഞ്ചർ തീവണ്ടികൾ പൂർണമായി ആരംഭിക്കാത്തതിനാൽ കേരളത്തിന്റെ വടക്കൻ പ്രദേശങ്ങളിലേക്കുള്ള യാത്രാദുരിതം രൂക്ഷമായി തുടരുന്നു. ഷൊർണൂരിനും മംഗളൂരുവിനും ഇടയിൽ ഇരുപതോളം പാസഞ്ചർ തീവണ്ടികളുണ്ടെങ്കിലും കൗണ്ടറുകളിൽനിന്ന് ടിക്കറ്റെടുത്ത് യാത്ര ചെയ്യാൻ കഴിയുന്ന എതാനും പാസഞ്ചർ തീവണ്ടികൾ മാത്രമേ സർവീസ് നടത്തുന്നുള്ളൂ. ഇവ ഹാൾട്ട് സ്റ്റേഷനുകളിൽ നിർത്താറില്ല. ഷൊർണൂരിനും മംഗളൂരുവിനുമിടയിൽ പതിനഞ്ചിലധികം ഹാൾട്ട് സ്റ്റേഷനുകളുണ്ട്. റെയിൽവേ ജീവനക്കാരില്ലാത്ത ഈ സ്റ്റേഷനുകളിൽ സ്വകാര്യ എജൻസികളാണ് ടിക്കറ്റ് വിതരണം ചെയ്തിരുന്നത്. ഇപ്പോൾ ഈ സംവിധാനവുമില്ല. അതോടൊപ്പം പാസഞ്ചർ തീവണ്ടികളിൽ അൺ റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം (യു.ടി.എസ്. ഓൺ മൊബൈൽ) വഴി ടിക്കറ്റ് എടുക്കാവുന്ന സംവിധാനവും നിർത്തിവെച്ചിരിക്കയാണ്. യു.ടി.എസ്. ടിക്കറ്റുപയോഗിച്ച് എക്സ്പ്രസ് തീവണ്ടികളിൽ കയറുന്ന യാത്രക്കാരെ എവിടെ ഇരുത്തുന്നുമെന്നാണ് അധികൃതർ ചോദിക്കുന്നത്. തമിഴ്നാട്ടിൽ ഹാൾട്ട് സ്റ്റേഷനുകളിൽ പാസഞ്ചർ തീവണ്ടികൾ നിർത്തുന്നുണ്ട്. യു.ടി.എസ്. സംവിധാനവും നിലവിൽ വന്നുകഴിഞ്ഞു. കോവിഡ് വ്യാപന ഭീഷണിയുള്ളതിനാൽ യു.ടി.എസ്. സംവിധാനമുണ്ടെങ്കിൽ കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും കഴിയും. ദിവസവും ജോലി സ്ഥലങ്ങളിലേക്ക് പോയിവരുന്നവർ ആശ്രയിച്ചിരുന്നത് പാസഞ്ചർ തീവണ്ടികളെയായിരുന്നു. നവംബർ ഒന്നിന് സ്കൂളുകളെല്ലാം തുറക്കും. ഒട്ടേറെ അധ്യാപകരും മറ്റ് ജീവനക്കാരും തീവണ്ടികളെ ആശ്രയിക്കുന്നവരാണ്. വടക്കൻ കേരളത്തിൽ വാഹന ഗതാഗതക്കുരുക്ക് കാരണം കൃത്യസമയത്ത് ജോലിക്കെത്താൻ കൂടുതൽപേരും പാസഞ്ചർ, എക്സ്പ്രസ് തീവണ്ടികളെയാണ് ആശ്രയിക്കുന്നത്. എക്സ്പ്രസ് തീവണ്ടികളിൽ ഒരു ഐ.ഡി.യിൽ ഒരു മാസം ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ കഴിയുന്ന ടിക്കറ്റുകളുടെ എണ്ണം 12 ആണ്. ഇത് 55 ആയി ഉയർത്തണമെന്നാവശ്യപ്പെട്ട് റെയിൽവേ ബോർഡിന് ദക്ഷിണ റെയിൽവേ കത്ത് അയച്ചിരുന്നെങ്കിലും തീരുമാനമായിട്ടില്ല. എന്നാൽ നവംബർ ഒന്നുമുതൽ ദക്ഷിണ റെയിൽവേയിൽ 27 പാസഞ്ചർ തീവണ്ടികൾകൂടി സർവീസ് നടത്തുമെന്നും ഇതിൽ ഭൂരിപക്ഷവും കേരളത്തിലായിരിക്കുമെന്നും ദക്ഷിണ റെയിൽവേ പാസഞ്ചർ മാർക്കറ്റിങ് വിഭാഗം അറിയിച്ചു. കൂടുതൽ പാസഞ്ചർ സർവീസ് ആരംഭിക്കുന്നതോടെ യു.ടി.എസ്. സംവിധാനവും പുനരാരംഭിക്കും. Content Highlights:railway, covid restrictions


from mathrubhumi.latestnews.rssfeed https://ift.tt/3mcqhwA
via IFTTT