Breaking

Sunday, October 31, 2021

അരങ്ങുകളെല്ലാം അടഞ്ഞു; മാളക്കൃഷ്‌ണന് ഇപ്പോൾ ഓട്ടോ ഡ്രൈവറുടെ വേഷം

കോട്ടയ്ക്കൽ : കോമഡി ആസ്വാദകർ മറക്കാനിടയില്ലാത്ത പേരാണ് മാളക്കൃഷ്ണന്റേത്. മാളയുടെ വേഷത്തിലൂടെയും മറ്റ് 'ഇടിവെട്ട് തമാശകളി'ലൂടെയും രണ്ടുവർഷം മുൻപുവരെ വേദികളിൽ നിറഞ്ഞുനിന്നിരുന്ന കലാഭവൻ കൃഷ്ണൻ ഇപ്പോൾ ഓട്ടോറിക്ഷാഡ്രൈവറുടെ 'വേഷ'ത്തിലാണ്. അടച്ചുപൂട്ടലിൽ അരങ്ങുകളില്ലാതായതോടെ ജീവിക്കാൻ സ്വീകരിച്ച വേഷം. താനൂരിനടുത്ത് ഒഴൂരിലെ ഓട്ടോസ്റ്റാൻഡിൽച്ചെന്നാൽ പരിചിതമായ ആ മുഖം കാണാം. ആദ്യകാലത്ത് 'ജൂനിയർ മാള' എന്നപേരിൽ പേരെടുത്ത കൃഷ്ണനെ സാക്ഷാൽ മാള അരവിന്ദൻതന്നെ ഒരിക്കൽ അഭിനന്ദിച്ചിട്ടുണ്ട്: 'കലക്കീട്ടുണ്ട് ട്ടോ ങൂ ഹ ഹ ഹ.... ' എന്ന സ്വതസിദ്ധമായ ചിരിയോടെ.മാസത്തിൽ മുപ്പതുദിവസവും വേദികളുണ്ടായിരുന്ന ആ സമയം കൃഷ്ണൻ ഓർക്കുകയാണ്: “കോട്ടയത്തെ വി.ഡി. രാജപ്പന്റെ ട്രൂപ്പിലും സജീവമായിരുന്നു. രാജപ്പൻചേട്ടനൊപ്പം ഒട്ടേറെ വേദികളിൽ പെർഫോം ചെയ്തിട്ടുണ്ട്. ഹരീഷ് കണാരൻ, നിർമൽ എന്നീ കലാകാരൻമാരൊക്കെ ഉള്ള കോഴിക്കോട് സൂപ്പർജോക്‌സ്, കൊല്ലത്തെ നർമ, കൊച്ചിൻ രസിക തുടങ്ങിയ ട്രൂപ്പുകളിലും ഉണ്ടായിരുന്നു. മുഴുവൻ ദിവസവും പരിപാടികളുണ്ടായിരുന്ന സമയം. നല്ല വരുമാനവുമുണ്ടായിരുന്നു. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെല്ലാം പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ചില വിദേശരാജ്യങ്ങളിലും പോയി. നാലുവർഷം മുൻപുവരെ കലാഭവനിലുണ്ടായിരുന്നു. അതിനുശേഷവും ഒറ്റയ്ക്കും വിവിധ ട്രൂപ്പുകളിലുമായി പരിപാടികൾ ലഭിച്ചിരുന്നെങ്കിലും കോവിഡാണ് പണി പറ്റിച്ചത് -അതോടെ ഒറ്റ വേദിപോലും ഇല്ലാതായി. ജീവിക്കാൻ എന്തെങ്കിലും വരുമാനം വേണ്ടേ, അതുകൊണ്ട് മുൻപേതന്നെ വാങ്ങിയിരുന്ന ഓട്ടോറിക്ഷ ജീവനോപാധിയാക്കി. ഇപ്പോൾ വളരെക്കുറച്ച് ഓട്ടമേ കിട്ടുന്നുള്ളൂ. ഇന്ധനവില കൂടിയതും അടിയായി”, കൃഷ്ണൻ പറയുന്നു.കാട്ടിലങ്ങാടി ഹയർസെക്കൻഡറി സ്‌കൂളിൽ പഠിക്കുമ്പോൾ സംസ്ഥാനതലത്തിൽവരെ കലോത്സവത്തിൽ മിമിക്രിയുമായി പങ്കെടുത്തിട്ടുണ്ട്. പത്താംക്ലാസ് കഴിഞ്ഞയുടൻതന്നെ അത്യാവശ്യം മിമിക്രി പരിപാടികൾ കിട്ടിത്തുടങ്ങി. അതിനാൽ തുടർന്ന് പഠിക്കാനൊന്നും പോയില്ല.വീട്ടമ്മയായ രഞ്ജിനിയാണ് ഭാര്യ. രണ്ടുമക്കളാണ്; അമൽ കൃഷ്ണനും ആദി കൃഷ്ണനും. അമൽ കൃഷ്ണനും മിമിക്രിക്കാരനാണ്. കൃഷ്ണനും ജാലിയൻ കണാരനും തമ്മിൽവർഷങ്ങൾക്കുമുൻപ്‌ 'സൂപ്പർ ജോക്‌സി'ലായിരിക്കുമ്പോൾ, നട്ടാൽകുരുക്കാത്ത നുണപറയുന്ന ഒരു കഥാപാത്രത്തെ കലാഭവൻ കൃഷ്ണൻ അവതരിപ്പിച്ചിരുന്നു. ആ നുണയനിൽനിന്ന് പ്രചോദനമുൾക്കൊണ്ട് വികസിപ്പിച്ചെടുത്തതാണ് ഹരീഷ് കണാരന്റെ ജാലിയൻ കണാരൻ എന്ന കഥാപാത്രം. ഇക്കാര്യം ഹരീഷ് കണാരൻതന്നെ ചില വേദികളിൽ സൂചിപ്പിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3CCNXQw
via IFTTT