Breaking

Sunday, October 31, 2021

കാലാവസ്ഥാ ഉച്ചകോടിക്ക് ഇന്ന് തുടക്കം

ഗ്ലാസ്ഗോ: ഐക്യരാഷ്ട്രസഭയുടെ 26-ാം കാലാവസ്ഥാ ഉച്ചകോടി സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ ഞായറാഴ്ച തുടങ്ങും. പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ പറയുന്ന ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കാൻ രാജ്യങ്ങൾ കൈക്കൊണ്ട നടപടികളുടെ പുരോഗതി വിലയിരുത്തുകയാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ മുഖ്യ അജൻഡ. കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ കൂടുതൽ കാര്യക്ഷമമായ നടപടികളെടുക്കാൻ ഉച്ചകോടി രാജ്യങ്ങളെ പ്രതിജ്ഞാബദ്ധരാക്കും. പാരീസ് ഉടമ്പടിയിൽ പറയുന്നതരത്തിൽ താപനില നിയന്ത്രിക്കാനുള്ള വ്യക്തമായ നടപടികൾ ഇത്തവണ സ്വീകരിക്കുമെന്നാണ് കരുതുന്നത്. 2050-ഓടെ കാർബൺ പുറന്തള്ളൽ അവസാനിപ്പിക്കുമെന്ന് അമ്പതിലേറെ രാജ്യങ്ങൾ പ്രതിജ്ഞചെയ്തിട്ടുണ്ട്. കോൺഫറൻസ് ഒാഫ് പാർട്ടീസ് ടു ദ യു.എൻ. ഫ്രെയിംവർക്ക് കൺവെൻഷൻ ഒാൺ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ (സി.ഒ.പി.) 26-ാം സമ്മേളനം കഴിഞ്ഞവർഷം നടക്കാനിരുന്നതാണ്. ഇത് കോവിഡ് പശ്ചാത്തലത്തിൽ ഈ വർഷത്തേക്ക് മാറ്റുകയായിരുന്നു. വിവിധ രാജ്യങ്ങളുടെ നേതാക്കൾ, മന്ത്രിമാർ, കാലാവസ്ഥാവിദഗ്ധർ, വ്യവസായമേഖല, പൗരസമൂഹം, അന്താരാഷ്ട്രസംഘടനകൾ എന്നിവയുടെ പ്രതിനിധികൾ തുടങ്ങിയവരാണ് സി.ഒ.പി.യിൽ പങ്കെടുക്കുന്നത്. ഇതിനായി ലോകമെമ്പാടുനിന്ന് മുപ്പതിനായിരത്തിലേറെ പ്രതിനിധികൾ ഗ്ലാസ്ഗോയിലെത്തും. കാലാവസ്ഥാ പ്രതിസന്ധി നിയന്ത്രിക്കുന്നതിന് ലോകത്തിനു ലഭിച്ചിരിക്കുന്ന 'അവസാന സാധ്യത'യായാണ് സി.ഒ.പി. 26-നെ കണക്കാക്കുന്നത്. Content Highlights:Glasgow Climate Change Conference


from mathrubhumi.latestnews.rssfeed https://ift.tt/315ErqX
via IFTTT