തിരുവനന്തപുരം: 16 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ കാണാനില്ലെന്ന പരാതി അന്വേഷിച്ചിറങ്ങിയതായിരുന്നു പോലീസ്. അന്വേഷണത്തിനൊടുവിൽ തെളിഞ്ഞത് മൂന്ന് പോക്സോ കേസുകൾ. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിലാവുകയും ചെയ്തു. പെരിങ്ങമ്മല അഗ്രിഫാം കുണ്ടാളം കുഴി തടത്തരികത്തു വീട്ടിൽ അമൃതലാൽ(19), കല്ലാർ ഇരുപത്തിയാറ് കൊങ്ങമരുതുംമൂട്ടിൽ ശരണ്യ വിലാസത്തിൽ ശിവജിത്ത് (22), തൊളിക്കോട് വിനോബനികേതൻ അരുവിക്കരക്കോണം അപർണ വിലാസത്തിൽ സാജുക്കുട്ടൻ (54) എന്നിവരാണ് അറസ്റ്റിലായത്. വിതുര സ്വദേശിയായ പതിനാറുകാരിയെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെത്തുടർന്ന് അന്വേഷിക്കാനെത്തിയതായിരുന്നു പോലീസ്. ഇതിനിടെ രാത്രിയിൽ സംശയകരമായ സാഹചര്യത്തിൽ മൂന്നു യുവാക്കളെ കണ്ടു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് പീഡനത്തിന്റെ ചുരുളഴിഞ്ഞത്. പതിനേഴുകാരിയായ മറ്റൊരു പെൺകുട്ടിയെ കാണാനെത്തിയതിനിടെയാണ് ഇവർ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. യുവാക്കൾ കാണാനെത്തിയ പെൺകുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നാണ് മൂവർ സംഘത്തിലുണ്ടായിരുന്ന ശിവജിത്ത് പീഡിപ്പിച്ച വിവരം പുറത്തറിയുന്നത്. അമ്മയുടെ സുഹൃത്തായ സാജുക്കുട്ടൻ പീഡിപ്പിച്ചിരുന്ന വിവരവും പെൺകുട്ടി പോലീസിനോട് പറഞ്ഞതോടെ ഇയാളും പിടിയിലായി. ഇതിനിടെ കാണാതായ പെൺകുട്ടി രാവിലെയോടെ വീട്ടിലെത്തുകയും ചെയ്തു. വീട്ടുകാർ ഇക്കാര്യം പോലീസിനെ അറിയിച്ചതിന് പിന്നാലെ പോലീസ് പെൺകുട്ടിയോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി. രാത്രിയിൽ അമൃതരാജ് എന്ന യുവാവ് പീഡിപ്പിച്ച വിവരം പെൺകുട്ടി പോലീസിനോട് പറഞ്ഞതോടെ ഇയാളും അറസ്റ്റിലായി. നെടുമങ്ങാട് എ.എസ്.പി. രാജ് പ്രസാദ്, വിതുര സി.ഐ. എസ്.ശ്രീജിത്ത്, എസ്.ഐ. എസ്.എൽ.സുധീഷ്, ഗ്രേഡ് എസ്.ഐ. സതികുമാർ, എ.എസ്.ഐ.മാരായ സജു, പദ്മരാജ്, സി.പി.ഒ.മാരായ പ്രദീപ്, രജിത്ത്, ഹാഷിം, സിന്ധു എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിലാണ് അറസ്റ്റ്. മൂന്നു പ്രതികളെയും റിമാൻഡു ചെയ്തു. Content Highlights: three men arrested in two pocso cases
from mathrubhumi.latestnews.rssfeed https://ift.tt/3CogNnq
via
IFTTT