Breaking

Sunday, October 31, 2021

തൊഴിലുറപ്പു പദ്ധതി: സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി ആരോപണം; പണം മുടങ്ങില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വലിയ സാമ്പത്തികപ്രതിസന്ധി നേരിടുന്നതായി സന്നദ്ധപ്രവർത്തകരുടെ വിമർശനം. പദ്ധതിക്കു നീക്കിവെച്ച തുകയിൽ 90 ശതമാനവും ഇതിനകം ചെലവഴിച്ചുകഴിഞ്ഞെന്ന് പീപ്പിൾസ് ആക്ഷൻ ഫോർ എംപ്ലോയ്മെന്റ് ഗ്യാരന്റി (പി.എ.ഇ.ജി.) ചൂണ്ടിക്കാട്ടുന്നു. പദ്ധതി പൂർത്തീകരണത്തിന് ഇനിയും അഞ്ചുമാസമുണ്ടെന്നിരിക്കെ വലിയ സാമ്പത്തികപ്രതിസന്ധി നേരിടുന്നതായി തൊഴിലവകാശ പ്രവർത്തകൻ നിഖിൽ ദേ ചൂണ്ടിക്കാട്ടി. എന്നാൽ, വേതനത്തിനും പദ്ധതിനിർവഹണത്തിനും മതിയായ തുക ലഭ്യമാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഇതിനോടു പ്രതികരിച്ചു. പണത്തിന്റെ കുറവുണ്ടെങ്കിൽ ധനമന്ത്രാലയവുമായി ഇടപെട്ടു പരിഹരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. 2021-22ൽ തൊഴിലുറപ്പു പദ്ധതിക്കായി വകയിരുത്തിയത് 73,000 കോടി രൂപയാണ്. ഇത് മുൻവർഷത്തേക്കാൾ 34 ശതമാനം കുറവാണെന്ന് നിഖിൽ ദേ പറഞ്ഞു. കഴിഞ്ഞ സാമ്പത്തികവർഷം ആദ്യഘട്ടമായി 61,500 കോടി രൂപ കേന്ദ്രം വകയിരുത്തി. ബജറ്റ് വിഹിതം പരിഷ്കരിച്ച് പിന്നീടത് 1.11 ലക്ഷം കോടിയായി ഉയർത്തിയെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ലോക്ഡൗൺ കാലത്ത് ഗ്രാമീണമേഖലയിൽ ഭൂരിപക്ഷം പേരും ആശ്രയിച്ചത് തൊഴിലുറപ്പു പദ്ധതിയെയായിരുന്നു. 2020-21ൽ ഏഴേമുക്കാൽ കോടി കുടുംബങ്ങൾക്ക് പദ്ധതിക്കു കീഴിൽ തൊഴിൽ ലഭ്യമാക്കി. പദ്ധതി കാര്യക്ഷമമായി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗ്രാമവികസനമന്ത്രാലയം വ്യക്തമാക്കി. ഇതുവരെ ആറുകോടി കുടുംബങ്ങൾക്ക് തൊഴിൽ ലഭ്യമാക്കി. വേതനത്തിനും തൊഴിലുപകരണങ്ങൾക്കുമുള്ള ധനവിഹിതം വിതരണംചെയ്യൽ തുടർപ്രക്രിയയാണ്. വേതനബാധ്യത തീർക്കാൻ നിലവിൽ 8921 കോടി രൂപ ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു. ആവശ്യമെങ്കിൽ ധനമന്ത്രാലയം അധികവിഹിതം നൽകും. കഴിഞ്ഞവർഷം അമ്പതിനായിരം കോടി രൂപ അധികവിഹിതം നൽകിയിരുന്നതായും മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, തൊഴിലുറപ്പു പദ്ധതി കേന്ദ്രം പൂർണമായി തകർത്തുകളഞ്ഞതായി അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ കുറ്റപ്പെടുത്തി. ദിവസക്കൂലിക്കാരായ തൊഴിലാളികളുടെ ആത്മഹത്യ 26.4 ശതമാനം കൂടി. കർഷകത്തൊഴിലാളികളുടേത് 18 ശതമാനവും വർധിച്ചു. പദ്ധതിനിർവഹണത്തിന് കൂടുതൽ തുക അനുവദിക്കണമെന്ന് യൂണിയൻ ദേശീയ ജനറൽ സെക്രട്ടറി ബി. വെങ്കട്ട് ആവശ്യപ്പെട്ടു. Content Highlights:Allegations that the employment guarantee scheme is facing financial crisis


from mathrubhumi.latestnews.rssfeed https://ift.tt/2Y051ka
via IFTTT