Breaking

Sunday, October 31, 2021

പ്രായത്തിനനുസരിച്ചുള്ള ക്ലാസ്‌പ്രവേശനം: ടി.സി. നിർബന്ധമല്ല -ഹൈക്കോടതി

കൊച്ചി: പ്രാഥമികവിദ്യാഭ്യാസം നേടുന്നതിന് കുട്ടികൾക്ക് അവരുടെ പ്രായത്തിനനുസരിച്ചുള്ള ക്ളാസിൽ പ്രവേശനം നൽകാൻ ടി.സി. നിർബന്ധമല്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് രാജ വിജയരാഘവന്റേതാണ് ഉത്തരവ്. ടി.സി.യില്ലാത്തതിനാൽ പാലക്കാട് പുതുക്കോട് എസ്.ജെ.എച്ച്.എസിൽ പ്രവേശനം നിഷേധിച്ചതിനെതിരേ 17 വിദ്യാർഥികളാണ് ഹർജി നൽകിയത്. 2009-ലെ കേന്ദ്ര വിദ്യാഭ്യാസവകാശനിയമത്തിലെ സെക്ഷൻ നാല് അനുസരിച്ച് സ്കൂൾ കുട്ടികൾക്ക് പ്രായത്തിനനുസരിച്ചുള്ള ക്ളാസിൽ പ്രവേശനം നൽകാൻ ടി.സി. നിർബന്ധമല്ല. ഇങ്ങനെ പ്രവേശനം നേടുന്നവരെ ക്ളാസിലെ മറ്റുകുട്ടികളുടെ നിലവാരത്തിലെത്തിക്കാൻ പ്രത്യേക പരിശീലനം നൽകണമെന്നുണ്ട്. ഇവർക്ക് മൂന്നു മാസത്തെ പ്രത്യേക പരിശീലനം നൽകണമെന്ന് കാണിച്ച് സംസ്ഥാനസർക്കാർ ചട്ടമുണ്ടാക്കിയിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഒന്നാംക്ളാസിലേക്കല്ലാതെ മറ്റൊരു ക്ളാസിലേക്കും ടി.സി.യില്ലാതെ പ്രവേശനം നൽകരുതെന്ന് കേരള വിദ്യാഭ്യാസ ചട്ടത്തിൽ വ്യവസ്ഥയുണ്ടെങ്കിലും ആറുമുതൽ 14 വയസ്സുവരെയുള്ളവർക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകണമെന്ന് ഭരണഘടന വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. തുടർന്ന് ഹർജിക്കാർക്ക് ടി.സി.യില്ലാതെ പ്രവേശനം നൽകാനും കോടതി നിർദേശിച്ചു. കോട്ടശ്ശേരി എ.എൽ.പി. സ്കൂളിൽ അഞ്ചാംക്ളാസിൽ പഠിക്കുമ്പോൾ കോവിഡ് വ്യാപനത്തെത്തുടർന്ന് സ്കൂൾ അടച്ചതായി ഹർജിയിൽ പറയുന്നു. തുടർന്ന് വീട്ടിലിരുന്ന് പഠിച്ച കുട്ടികൾ അഞ്ച്, ആറ്്ക്ളാസുകളിലെ പഠനം പൂർത്തിയാക്കി. ഏഴാം ക്ളാസിൽ പ്രവേശനത്തിനായി പുതുക്കോട് എസ്.ജെ.എച്ച്.എസിനെ സമീപിച്ചപ്പോൾ ടി.സി. ആവശ്യപ്പെട്ടു. കോട്ടശ്ശേരി എ.എൽ.പി. സ്കൂളിൽ അഞ്ചാംക്ളാസുവരെയുള്ളൂ. അതിനാൽ ആറാംക്ളാസ് പാസായെന്ന് ടി.സി. നൽകാനാവില്ലെന്ന് ഹെഡ്മാസ്റ്റർ വ്യക്തമാക്കി. തുടർന്നാണ് കോടതിയെ സമീപിച്ചത്. Content Highlights:TC no more mandatory for age based admission, says Kerala HC


from mathrubhumi.latestnews.rssfeed https://ift.tt/3BuXmIc
via IFTTT