Breaking

Sunday, October 31, 2021

കരുവന്നൂർ ബാങ്കിലുള്ളത് രണ്ടുകോടി, ചികിത്സയ്ക്കുപോലും മാർഗമില്ല; നടപ്പാകാതെ പ്രത്യേക പാക്കേജ്

തൃശ്ശൂർ: മാടായിക്കോണത്തെ കുമാരന് കരുവന്നൂർ സഹകരണ ബാങ്കിൽ രണ്ടുകോടിയോളം രൂപയുടെ നിക്ഷേപമുണ്ട്. എന്നാൽ, സ്വകാര്യ മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവെക്കാൻ പണമില്ലാതെ അദ്ദേഹം ഡയാലിസിസ് തുടരുകയാണ്. വിദേശത്ത് പതിറ്റാണ്ടുകളോളം ജോലിചെയ്ത് സന്പാദിച്ച പണമാണ് ജീവിക്കാൻ പോലും ഉതകാതെ ബാങ്കിൽപ്പെട്ടത്. ബി.എസ്.എൻ.എലിൽനിന്ന് സ്വയം വിരമിച്ചപ്പോൾ കിട്ടിയ പണം മുഴുവൻ കരുവന്നൂർ സഹകരണബാങ്കിലിട്ട െക.ജെ. യോഹന്നാന് ഇപ്പോൾ മരുന്ന് വാങ്ങാൻപോലും മറ്റുള്ളവരുടെ സഹായം വേണ്ട അവസ്ഥയാണ്. കോവിഡ് ബാധിച്ച് ചികിത്സിച്ച ആശുപത്രിയിൽ 80,000 രൂപയുടെ ബില്ല് കടം പറയേണ്ടിവന്നു. ഭാര്യയുടെ ചികിത്സയ്ക്കുമാത്രം പ്രതിമാസം 12,000 രൂപയോളം വേണം. ബാങ്കിലിട്ട പണത്തിനായി മണിക്കൂറുകളോളം വരിനിന്നാൽ ഒരുമാസം കിട്ടുന്നത് ആകെ 5000 രൂപ മാത്രം. 10 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപമുള്ള രവിക്ക് പണമില്ലാതെ മകളുടെ വിവാഹം നടത്താനാകാതെ വന്നപ്പോൾ നാട്ടുകാരും കൂട്ടുകാരും ബന്ധുക്കളും സഹായവുമായെത്തിയതിനാൽ വിവാഹം മുടങ്ങിയില്ല. എം.ബി.ബി.എസിന് പ്രവേശനം കിട്ടിയ മകന് ഫീസടയ്ക്കാനായി നാരായണൻ മുട്ടാത്ത വാതിലുകളുണ്ടായിരുന്നില്ല. 40 ലക്ഷത്തോളം നിക്ഷേപമുള്ള നാരായണനാണ് ഇൗ ഗതികേട് വന്നത്. 104 കോടിയുടെ തട്ടിപ്പും 300 കോടിയുടെ ക്രമക്കേടും നടന്ന കരുവന്നൂർ സഹകരണബാങ്കിലെ പല നിക്ഷേപകർക്കുമുണ്ടാകും ഇത്തരത്തിലുള്ള ദുരിതകഥകൾ പറയാൻ. ഇരുപത്തൊമ്പതിനായിരത്തിൽപ്പരം അംഗങ്ങളുള്ള ബാങ്കിൽ പന്ത്രണ്ടായിരത്തോളംപേർ നിക്ഷേപകരാണ്. ഇവരെല്ലാം ചേർന്ന് ബാങ്കിന് നൽകിയതാകട്ടെ 500 കോടിയുടെ നിക്ഷേപവും. പണം നൽകുന്നത് അക്കൗണ്ട് നന്പറിന്റെ അടിസ്ഥാനത്തിലാക്കിയതിനാൽ ഇപ്പോൾ ബാങ്ക് തീരുമാനിക്കുന്ന ദിവസം വന്ന് വരിനിൽക്കണം. ഒരാൾക്ക് ഒരുമാസം പരമാവധി 5000 രൂപ എന്ന നിലയിലേക്കെത്തി പണംവിതരണം. കരുവന്നൂർ ബാങ്കിനെയും നിക്ഷേപകരെയും സഹായിക്കാൻ പ്രത്യേക പാക്കേജ് എന്ന സഹകരണമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വാക്ക് ഇനിയും നടപ്പായിട്ടില്ല. പുനരുദ്ധാരണപാക്കേജിനായുള്ള റിപ്പോർട്ട് ഒൻപതംഗസമിതി സമർപ്പിച്ചിട്ട് രണ്ടുമാസം കഴിഞ്ഞു. കരുവന്നൂർ ബാങ്കിനെ സഹായിക്കാനായുള്ള 140 കോടി കണ്ടെത്താനായി സഹകരണബാങ്കുകളുടെ കൺേസാർഷ്യമുണ്ടാക്കുമെന്നും പാക്കേജ് നിയമസഭയിൽ ഉടൻ പ്രഖ്യാപിക്കുമെന്നുമുള്ള അധികൃതരുടെ വാക്കുകൾ ഇനിയും നടപ്പായതുമില്ല.


from mathrubhumi.latestnews.rssfeed https://ift.tt/3Cxyl0m
via IFTTT