രാജപുരം (കാഞ്ഞങ്ങാട്): ചുമയുണ്ട് കുട്ടികളേ, ശ്വാസംമുട്ടുന്നുമുണ്ട്. ബാക്കി അടുത്ത ക്ലാസിലെടുക്കാം... ഇത്രയും പറഞ്ഞ് ഓൺലൈൻ ക്ലാസ് അവസാനപ്പിച്ച അധ്യാപിക അതേ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കള്ളാർ അടോട്ടുകയ ഗവ. വെൽഫെയർ എൽ.പി. സ്കൂൾ അധ്യാപിക കള്ളാർ ചുള്ളിയോടിയിലെ സി. മാധവി (47) ആണ് മരിച്ചത്. വീട്ടിൽ ആരുമുണ്ടായിരുന്നില്ല. സഹോദരന്റെ മകൻ രതീഷിനോട് നേരത്തെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. ഇദ്ദേഹം എത്തിയപ്പോൾകണ്ടത് മാധവി വീണുകിടക്കുന്നതാണ്. ഉടൻ പൂടങ്കല്ലിലെ താലൂക്ക് ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബുധനാഴ്ച രാത്രി 7.30-നാണ് ഓൺലൈൻ ക്ലാസ് തുടങ്ങിയത്. മൂന്നാം ക്ലാസിലെ കുട്ടികൾക്കു കണക്ക് വിഷയത്തിലായിരുന്നു ക്ലാസ്. വീഡിയോ ഓൺ ആക്ക്യേ, എല്ലാരേം എനിക്കൊന്ന് കാണാനാ. ടീച്ചർ ഇങ്ങനെ പറയുന്നത് പതിവില്ലെന്ന് പറഞ്ഞ് കുട്ടികളും രക്ഷിതാക്കളും വിതുമ്പി. കുട്ടികൾ വീഡിയോ ഓണാക്കിയപ്പോൾ ഓരോ കുട്ടിയോടും സംസാരിച്ചു. ക്ലാസ് തുടങ്ങി ഏതാനും മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ചുമ അനുഭവപ്പെട്ടു. എന്താ ടീച്ചറേ പറ്റിയതെന്ന് ചോദിച്ച കുട്ടികളോട്, ഓ! അതൊന്നും സാരമില്ല. തണുപ്പടിച്ചതാ എന്നുകൂടി പറഞ്ഞ് ഹോംവർക്കും നൽകിയ ശേഷമാണ് ക്ലാസ് അവസാനിപ്പിച്ചത്. ഭർത്താവ്: പരേതനായ ടി. ബാബു. പരേതരായ അടുക്കന്റെയും മുണ്ടുവിന്റെയും മകളാണ്. സഹോദരങ്ങൾ: രാമൻ, കല്യാണി, കണ്ണൻ, പരേതരായ രാമകൃഷ്ണൻ, മാധവൻ. Content Highlights: Teacher collapsed and died after online class
from mathrubhumi.latestnews.rssfeed https://ift.tt/3q2j7NN
via
IFTTT