Breaking

Friday, October 29, 2021

കൈ മാറ്റിവെക്കൽ ശസ്ത്രക്രിയ; ബാസവണ്ണയുടെ ജീവിതത്തിന്‌ 'കൈകൊടുത്ത്' നേവിസ്‌

കൊച്ചി: നേവിസിന്റെ കൈകളുമായി വെള്ളിയാഴ്ച ആശുപത്രിയിൽനിന്ന് ബാസവണ്ണ ഗൗഡ മടങ്ങും. സെപ്റ്റംബർ 25-ന് എറണാകുളം അമൃത ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെയാണ് ബാസവണ്ണയിൽ നേവിസിന്റെ കൈകൾ തുന്നിച്ചേർത്തത്. സെന്റർ ഫോർ പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്ടീവ് സർജറി വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യർ, ഡോ. മോഹിത് ശർമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. അമൃത ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കിയ ഒമ്പതാമത്തെ കൈ മാറ്റിവെക്കൽ ശസ്ത്രക്രിയയാണിത്. കർണാടക ബെല്ലാരി സ്വദേശിയാണ് 34-കാരനായ ബാസവണ്ണ ഗൗഡ. റൈസ് മില്ലിൽ ബോയ്ലർ ഓപ്പറേറ്ററായിരുന്നു. 2011 ജൂലായിൽ ജോലി സ്ഥലത്തുെവച്ച് വൈദ്യുതാഘാതമേറ്റതിനെ തുടർന്ന് ഇരു കൈകളും മുട്ടിനു താഴെ മുറിച്ചുമാറ്റേണ്ടി വന്നു. കോട്ടയം വടവാതൂർ സ്വദേശി നേവിസിനെ സെപ്റ്റംബർ 16-ന് അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്നാണ് ആശുപത്രിയിലാക്കിയത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതായിരുന്നു പ്രശ്നം. തുടർന്ന് രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയും 25-ന് മരിക്കുകയും ചെയ്തു. നേവിസിന്റെ കൈകൾ അന്നുതന്നെ ബാസവണ്ണ ഗൗഡയിൽ തുന്നിച്ചേർക്കുകയായിരുന്നു. കൈകളുടെ ദാനം ചെയ്യൽ കുറവ് കേരളത്തിൽ കൈകൾ ദാനം ചെയ്യുന്നത് കുറവാണ്. ശസ്ത്രക്രിയയുടെ ആദ്യ അഞ്ചുദിവസം നിർണായകമാണ്, അതിനുശേഷമേ ശസ്ത്രക്രിയ വിജയമാണോ എന്ന് തീരുമാനിക്കാൻ കഴിയൂ. ശസ്ത്രക്രിയയ്ക്ക് ഏകദേശം 20 ലക്ഷം രൂപയോളമാണ് ചെലവ്. തുടർ ചികിത്സയ്ക്ക് മാസം 20,000 രൂപ ചെലവു വരും. ശസ്ത്രക്രിയയ്ക്കു ശേഷം ഒന്നര വർഷത്തോളം ഫിസിയോതെറാപ്പിയും മറ്റും വേണ്ടിവരും. - ഡോ. സുബ്രഹ്മണ്യ അയ്യർ, സെന്റർ ഫോർ പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്ടീവ് സർജറി വിഭാഗം മേധാവി അമരേഷ് കാത്തിരിപ്പിലാണ്, കൈകൾക്കായി... കൊച്ചി: കുറച്ച് കുറച്ച് മലയാളം പറയാൻ അറിയാം. ഇവിടെ വന്ന് പഠിച്ചതാണ്.... അമരേഷ് അനമപ്പ എന്ന 25-കാരന്റെ ഓരോ വാക്കിലും പ്രതീക്ഷയാണ്. പേരുപോലെ തന്നെ മരണത്തെ അതിജീവിച്ചവനാണ് കർണാടക സ്വദേശിയായ അമരേഷ്. കർണാടക വൈദ്യുതി ബോർഡിലെ ജീവനക്കാരനായിരുന്നു അമരേഷ്. 2017-ൽ ജോലിക്കിടയിൽ നടന്ന അപകടത്തിലാണ് രണ്ട് കൈകളും നഷ്ടപ്പെട്ടത്. നീണ്ടകാലം ആശുപത്രിയിലായിരുന്നു. സ്വപ്നങ്ങളെല്ലാം അവസാനിച്ചിടത്തുനിന്നാണ് കേരളത്തിലെ ചികിത്സയെ കുറിച്ചറിഞ്ഞ് അമരേഷും കുടുംബവും കൊച്ചിയിലെത്തിയത്. 2018 മുതൽ അമരേഷ് അച്ഛനും അമ്മയ്ക്കുമൊപ്പം കൊച്ചിയിലാണ് താമസം. എ പോസിറ്റീവ് രക്തഗ്രൂപ്പിലുള്ള ഒരാൾ അവയവദാനത്തിന് സമ്മതിച്ച് എത്തിയാലെ അമരേഷിന് കൈത്താങ്ങാകൂ. കർണാടക വൈദ്യുതി ബോർഡാണ് ശസ്ത്രക്രിയയ്ക്കുള്ള തുക നൽകിയിരിക്കുന്നത്. പുതിയ കൈകൾ ചേർത്തുകഴിഞ്ഞാൽ ജോലിയിൽ തിരികെ പ്രവേശിക്കാമെന്ന ഉറപ്പും ബോർഡ് നൽകിയിട്ടുണ്ട്. Content Highlights: Nevis lend hand to give a new life to Basavanna; Hand Replacement Surgery


from mathrubhumi.latestnews.rssfeed https://ift.tt/3mnVaxS
via IFTTT