Breaking

Saturday, October 30, 2021

വിദ്യാഭ്യാസ ചട്ടഭേദഗതി: ആശങ്കയോടെ ഹയർസെക്കൻഡറി അധ്യാപകർ

തിരുവനന്തപുരം: വിദ്യാഭ്യാസ ചട്ടം ഭേദഗതിചെയ്യാനുള്ള നീക്കം പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്രമുന്നേറ്റത്തെ പിന്നോട്ടടിക്കുന്നതാണെന്ന ആശങ്കയുമായി ഹയർസെക്കൻഡറി അധ്യാപകർ.ഹയർസെക്കൻഡറി പ്രിൻസിപ്പലിനെ സ്‌കൂളിന്റെ അക്കാദമിക തലവൻ ആക്കിയപ്പോൾ നിലവിലെ ഹെഡ്മാസ്റ്ററെ വൈസ് പ്രിൻസിപ്പൽ ആക്കുന്ന വിധമാണ് ഭേദഗതി. ഹയർസെക്കൻഡറി അധ്യാപകനെക്കാൾ കുറഞ്ഞ യോഗ്യതയുള്ള ഹെഡ്മാസ്റ്ററെ വൈസ് പ്രിൻസിപ്പലാക്കി അവർക്ക് മുകളിൽ പ്രതിഷ്ഠിക്കുന്നത് വൻ പ്രതിഷേധം ക്ഷണിച്ചുവരുത്തുമെന്ന് അവർ പറയുന്നു. കാലക്രമത്തിൽ വൈസ് പ്രിൻസിപ്പൽ തസ്തിക ഹയർസെക്കൻഡറി അധ്യാപകന്റെ പ്രമോഷൻ തസ്തികയാക്കേണ്ടിവരും. അതോടെ ഹെഡ്മാസ്റ്റർ തസ്തിക പൂർണമായും ഇല്ലാതാക്കേണ്ടിവരും. ഇത് ഹൈസ്കൂൾ അധ്യാപകരുടെ പ്രമോഷൻ സാധ്യതകൾ ഇല്ലാതാക്കുന്നതുകൊണ്ടുതന്നെ അവരുടെ പ്രതിഷേധവും നേരിടേണ്ടിവരും.രണ്ടു ഹയർസെക്കൻഡറി അധ്യാപകർ പ്രിൻസിപ്പലായാൽ അടുത്ത അവസരം ഹെഡ്മാസ്റ്റർക്ക് ആണെന്നതും അനീതിയാണ്. ഹയർസെക്കൻഡറിയിൽ ഒരു ദിവസംപോലും പഠിപ്പിച്ചിട്ടില്ലാത്ത ഹെഡ്മാസ്റ്റർക്ക് അടുത്തദിവസംതന്നെ പ്രിൻസിപ്പലാകാൻ കഴിയുമ്പോൾ, ഹയർസെക്കൻഡറിയിൽ 25 വർഷംവരെ സർവീസിലുള്ള അധ്യാപകർ തഴയപ്പെടും. പീരിയഡിന്റെ അടിസ്ഥാനത്തിൽ ജൂനിയറായിപ്പോയ ഹയർസെക്കൻഡറി അധ്യാപകന് ഒരിക്കലും പ്രിൻസിപ്പലാകാൻ കഴിയാത്ത സാഹചര്യമുള്ളപ്പോഴാണ് അവരെക്കാൾ കുറഞ്ഞ സേവനകാലാവധിയും യോഗ്യതയുമുള്ള ഹൈസ്‌കൂൾ അധ്യാപകനെ പ്രിൻസിപ്പലാക്കുന്നത് എന്നതും പരിഷ്‌കരിച്ച ചട്ടത്തിലെ ഗുരുതരവീഴ്ചയാണെന്ന് അവർ പറയുന്നു.മീഡിയം ഇംഗ്ലീഷ് മാത്രമായ, 46 വിഷയങ്ങളുള്ള, സി.ബി.എസ്.ഇ. സിലബസ് പിന്തുടരുന്ന, ഹയർസെക്കൻഡറിയും പരിമിത വിഷയങ്ങൾ മാത്രമുള്ള, സംസ്ഥാന സിലബസ് പിന്തുടരുന്ന സെക്കൻഡറിയും തമ്മിലുള്ള ഏകീകരണം വലിയ വെല്ലുവിളി നേരിടും.വിദ്യാലയ അന്തരീക്ഷം കലുഷമാക്കുന്ന ഇത്തരം തീരുമാനങ്ങളിൽനിന്നു സർക്കാർ പിന്നോട്ടുപോയില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകുമെന്ന് എ.എച്ച്.എസ്.ടി.എ. ജനറൽസെക്രട്ടറി എസ്. മനോജ് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2ZCtbl5
via IFTTT