കൊണ്ടോട്ടി : കൊട്ടൂക്കരയിൽ പട്ടാപ്പകൽ കോളേജ് വിദ്യാർഥിനിക്കുനേരെ ആക്രമണം. വീട്ടിൽനിന്ന് കൊട്ടൂക്കര അങ്ങാടിയിലേക്ക് പോകുന്നതിനിടെ പകൽ 12.45-ഓടെയാണ് സംഭവം. 21-കാരിയെ അക്രമി വയലിലേക്ക് വലിച്ചുകൊണ്ടുപോയി. കുതറി രക്ഷപ്പെട്ട വിദ്യാർഥിനി തൊട്ടടുത്ത വീട്ടിൽ അഭയം തേടി. ആളൊഴിഞ്ഞ വയലോരത്ത് കാത്തുനിന്നയാൾ വിദ്യാർഥിനിയെ കീഴ്പ്പെടുത്തി വയലിലെ വാഴത്തോട്ടത്തിലേക്കു പിടിച്ചുവലിച്ചു. കുതറിമാറി രക്ഷപ്പെട്ട പെൺകുട്ടിയെ വീണ്ടും ആക്രമിക്കാൻ ശ്രമിച്ചു.മുഖത്തു കല്ലുകൊണ്ടിടിച്ചു പരിക്കേൽപ്പിച്ചു. ഇതോടെ പെൺകുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിസരങ്ങളിലെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി. പ്രതിയെന്നു സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്ഥലത്തുനിന്നു ലഭിച്ചു. മലപ്പുറത്തുനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പോലീസ് നായ കൊട്ടൂക്കര ബസ് സ്റ്റോപ്പുവരെ മണംപിടിച്ചു പോയി. പ്രതി ബസ്സിൽക്കയറി രക്ഷപ്പെട്ടതായാണ് നിഗമനം. കൊണ്ടോട്ടി ഇൻസ്പെക്ടർ എം.സി. പ്രമോദിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം.
from mathrubhumi.latestnews.rssfeed https://ift.tt/2XK1Lt4
via
IFTTT