Breaking

Saturday, October 30, 2021

കത്തെവിടെ? മോൻസൺ കേസിൽ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി: മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് പോലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. പുരാവസ്തുക്കളുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ ഡി.ജി.പി. നൽകിയ സത്യവാങ്മൂലത്തിൽ കോടതി അതൃപ്തിരേഖപ്പെടുത്തി. സത്യവാങ്മൂലം കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നതാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. കേരളത്തിനു പുറത്തുള്ളവർക്ക് കേസിൽ പങ്കുണ്ടോയെന്ന് അറിയിക്കാനും ഡി.ജി.പി. എഴുതിയതടക്കമുള്ള നാലു കത്തുകൾ ഹാജരാക്കാനും കോടതി നിർദേശിച്ചു. മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയും എ.ഡി.ജി.പി. മനോജ് എബ്രഹാമും മോൻസന്റെ വീട് സന്ദർശിച്ചതിനെയും കോടതി വിമർശിച്ചു. ആരുപറഞ്ഞതുകേട്ടാണ് രണ്ടു പോലീസ് ഉദ്യോഗസ്ഥർ മോൻസന്റെ വീട്ടിൽപ്പോയത്? ടിപ്പുവിന്റെ സിംഹാസനവും മോശയുടെ അംശവടിയും എന്നൊക്കെ പറഞ്ഞു പുരാവസ്തുക്കൾ കാണിക്കുമ്പോൾ അവയ്ക്ക് നിയമപ്രകാരമുള്ള രജിസ്ട്രേഷനുണ്ടോയെന്ന് പരിശോധിക്കേണ്ടതല്ലേ? അവയുടെ സാധുത പരിശോധിച്ചില്ലേ? -കോടതി ചോദിച്ചു. മോൻസന് പ്രവാസി സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. എന്നാൽ, സത്യവാങ്മൂലത്തിൽ ഇതേക്കുറിച്ച് പറയുന്നില്ല. എല്ലാവരുടെയും കണ്ണിൽ പൊടിയിട്ട് മോൻസൺ വിലസി. ഇൗ സംവിധാനത്തെതന്നെ തകിടംമറിച്ചു. ഇപ്പോൾ മോൻസനെതിരേ പോക്സോ കേസുകൾ വരെയുണ്ട്. സമയബന്ധിതമായി നടപടിയെടുത്തിരുന്നെങ്കിൽ തട്ടിപ്പു തടയാമായിരുന്നു. മോൻസന്റെ കൈവശമുള്ള സാധനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഡി.ജി.പി. നിർദേശം നൽകിയിട്ടും ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് നൽകുന്നത് എട്ടുമാസത്തിനുശേഷമാണ്. രഹസ്യാന്വേഷണം നടത്താൻ 2019 മേയിൽ നിർദേശിച്ച് ഒരാഴ്ചകഴിഞ്ഞ് മോൻസന് സംരക്ഷണം നൽകിയെന്ന് സത്യവാങ്മൂലത്തിലുണ്ട്. പിന്നീട് ഇതു നിരീക്ഷണം മാത്രമാണെന്നും വിശദീകരിക്കുന്നു -കോടതി ചൂണ്ടിക്കാട്ടി. മോൻസനെതിരേ മൊഴിനൽകിയതിന്റെപേരിൽ പോലീസ് പീഡിപ്പിക്കുന്നതായി ആരോപിച്ച് ഇയാളുടെ മുൻ ഡ്രൈവർ ഇ.വി. അജിത്ത് നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഹർജി നവംബർ 11-നു വീണ്ടും പരിഗണിക്കും. ഉന്നത പോലീസ് ഉദ്യോഗസ്ഥർ മോൻസന്റെ വീട്ടിൽ പോയതിന് അയാളുടെ കൈവശമുള്ള വസ്തുക്കൾ പുരാവസ്തുക്കളാണെന്ന് വിശ്വസിച്ചുവെന്ന് അർഥമില്ലെന്ന് സർക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി ചൂണ്ടിക്കാട്ടി. മോൻസനെതിരേ നടപടിയെടുത്തശേഷമാണ് കൂടുതൽ തട്ടിപ്പുകൾ പുറത്തുവന്നതെന്നും അദ്ദേഹം അറിയിച്ചു. ഹാജരാക്കാൻ നിർദേശിച്ചിരിക്കുന്നത് നാലു കത്തുകൾ 2019 മേയ് 11-ന് ലോക്നാഥ് ബെഹ്റ ഡി.ജി.പി.യായിരിക്കെ അദ്ദേഹത്തിനൊപ്പം എ.ഡി.ജി.പി. മനോജ് എബ്രഹാം മോൻസന്റെ വീട് സന്ദർശിച്ചു. ഇതിനെത്തുടർന്ന് മോൻസന്റെ കൈവശമുള്ള വസ്തുക്കളിലും മറ്റും സംശയം ഉന്നയിച്ചിരുന്നു. പോലീസ് ഇക്കാര്യം പരിശോധിക്കാൻ ആവശ്യപ്പെട്ട് ഇന്റലിജൻസ് വകുപ്പിനെഴുതിയ കത്ത്. മനോജ് എബ്രഹാം സംശയമുന്നയിച്ചതിനെ തുടർന്ന് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഡി.ജി.പി. 2019 മേയ് 22-ന് ഇന്റലിജൻസ് എ.ഡി.ജി.പി.യോട് നിർദേശിച്ച കത്ത്. വീടിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് മോൻസൺ 2019 മേയ് 31-ന് എഴുതിയ കത്ത്. ഇ.ഡി. പോലെയുള്ള ഏജൻസി മോൻസന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന ഇന്റലിജൻസ് എ.ഡി.ജി.പി.യുടെ റിപ്പോർട്ടിനെത്തുടർന്ന് ഡി.ജി.പി 2020 ഫെബ്രുവരി അഞ്ചിന് ഇക്കാര്യം അന്വേഷിക്കാൻ നൽകിയ കത്ത്. Content Highlights:High court slams police in Monson Mavunkal case


from mathrubhumi.latestnews.rssfeed https://ift.tt/3GxVulV
via IFTTT