Breaking

Wednesday, October 27, 2021

നാലു കൊല്ലം കൂടി കാത്തിരിക്കു.. ബഹിരാകാശത്തും തുടങ്ങാം ബിസിനസ്

വാഷിങ്ടൺ: ബഹിരാകാശത്ത് ബിസിനസ് പാർക്ക് തുടങ്ങുമെന്ന് ശതകോടീശ്വരനും ബഹിരാകാശ വിനോദസഞ്ചാര കമ്പനിയായ ബ്ലൂഒറിജിന്റെ ഉടമസ്ഥനുമായ ജെഫ് ബേസോസ്. ഓർബിറ്റൽ റീഫ് എന്നു പേരുനൽകിയിരിക്കുന്ന പാർക്കിന്റെ പ്രവർത്തനം 2025-നുശേഷം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 32,000 ചതുരശ്രയടി വിസ്തീർണമാകും പാർക്കിനുണ്ടാകുക. ഇതിൽ ഒരേസമയം 10 പേരെ ഉൾക്കൊള്ളിക്കാം. ബഹിരാകാശത്ത് സിനിമാ ചിത്രീകരണത്തിനുള്ള സംവിധാനങ്ങൾ ഉൾപ്പെടെ ഓർബിറ്റൽ റീഫ് ഒരുക്കും. സ്പേസ് ഹോട്ടലും ഉണ്ടാകും. സിയേറ സ്പേസ്, ബോയിങ് എന്നീ കന്പനികളും പാർക്കിന്റെ നിർമാണത്തിൽ ബ്ലൂ ഒറിജിനൊപ്പം പങ്കാളികളാകും. ബഹിരാകാശ ഏജൻസികൾ, സാങ്കേത കമ്പനികളുടെ കൂട്ടായ്മ, സ്വന്തമായി ബഹിരാകാശ നിലയമില്ലാത്ത രാജ്യങ്ങൾ, മാധ്യമ, വിനോദസഞ്ചാര കമ്പനികൾ, ഗവേഷകർ, സംരംഭകർ എന്നിവർക്കെല്ലാം പാർക്കിൽ ഇടമുണ്ടാകുമെന്ന് കമ്പനികൾ പ്രസ്താവനയിൽ വ്യക്തമാക്കി. എന്നാൽ, പദ്ധതിയുടെ ചെലവ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബ്ലൂ ഒറിജിനായി പ്രതിവർഷം 7490 കോടി രൂപ (100 കോടി യു.എസ്. ഡോളർ) ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ബേസോസ് പദ്ധതിക്കായി വൻ തുക മുടക്കുമെന്നാണ് വിവരം. 20 വർഷം പഴക്കമുള്ള നാസയുടെ അന്താരാഷ്ട്ര ബഹിരാകാശനിലയം പുനഃസ്ഥാപിക്കണമെന്ന ഗവേഷകരുടെ നിർദേശം പുറത്തുവന്നതിനു പിന്നാലെയാണ് പ്രഖ്യാപനം. 2025-ഓടെ തങ്ങളുടെ ബഹിരാകാശ യാത്രികർ നിലയം വിടുമെന്ന് റഷ്യ നേരത്തേ വ്യക്തമാക്കിയിരുന്നു. നിലയത്തിലെ കാലപ്പഴക്കം സംഭവിച്ച ഉപകരണങ്ങൾ അപകടത്തിന് വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടിയാണിത്. ഇതിനു മറുപടിയായി ഉപകരണങ്ങൾ പുനഃസ്ഥാപിക്കുന്നതിന് സ്വകാര്യ കരാറുകാർക്ക് 2997 കോടി രൂപ നൽകുമെന്ന് നാസ അറിയിച്ചു. അമേരിക്കൻ ബഹിരാകാശ കമ്പനികളായ നാനോറാക്സ്, വോയജർ സ്പേസ്, ലോക്ഹീഡ് മാർട്ടിൻ എന്നിവ 2027-ഓടെ തങ്ങളുടെ ബഹിരാകാശനിലയം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. Content Highlights:Jeff Bezos Blue Origin, Boeing unveils plans for space business park


from mathrubhumi.latestnews.rssfeed https://ift.tt/3BgIygs
via IFTTT