Breaking

Wednesday, October 27, 2021

വെള്ളായണി കാർഷിക കോളേജ് വികസിപ്പിച്ച കളനശീകരണ യന്ത്രത്തിന് കേന്ദ്ര സർക്കാർ പേറ്റന്റ്

തിരുവനന്തപുരം: കേരള കാർഷിക സർവകലാശാലയുടെ വെള്ളായണി കാർഷിക കോളേജിൽ വികസിപ്പിച്ചെടുത്ത കള നശീകരണ യന്ത്രത്തിന് കേന്ദ്ര സർക്കാരിന്റെ ഡിസൈൻ പേറ്റന്റ് ലഭിച്ചു. ഒരു ചക്രവും ബ്ലേഡും ഉപയോഗിച്ച് വിളകളുടെ ഇടയിൽനിന്നും കളകളെ നിയന്ത്രിക്കാൻ സഹായിക്കുന്ന വീൽഹോ വീഡർ സ്ത്രീകൾക്കും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നതരത്തിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്. വിളകൾ തമ്മിലുള്ള അകലം അനുസരിച്ച് ഈ യന്ത്രത്തിൽ വിവിധ വലുപ്പത്തിലുള്ള ബ്ലേഡുകൾ ഘടിപ്പിക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. ഒരു മണിക്കൂറിൽ 3.7 സെന്റ് സ്ഥലത്തെ കളകൾ നശിപ്പിക്കുന്ന ഈ യന്ത്രത്തിലെ ബ്ലേഡ് ഒന്നര സെന്റീമീറ്ററോളം ആഴത്തിൽ തുളച്ചുകയറുന്നതിനാൽ കളകളെ വേരോടുകൂടി ചെത്തിമാറ്റുന്നതിനും കഴിയും. സ്ക്വയർ ട്യൂബ് ആകൃതിയിലുള്ള ചട്ടക്കൂടുള്ളതിനാൽ യന്ത്രത്തിന്റെ പ്രധാന ഭാഗങ്ങളായ ഹാൻഡിൽ ബാർ, വീൽ, ബ്ലേഡ് എന്നിവ ഘടിപ്പിച്ചിട്ടുണ്ട്. ഡോ. ഷീജ കെ.രാജ്, ഡോ.ജേക്കബ് ഡി., ഡോ. ശാലിനി പിള്ള എന്നിവരുടെ നേതൃത്വത്തിൽ സീൾ റോസ് ചാക്കോ, ധനു ഉണ്ണികൃഷ്ണൻ, കൃഷ്ണശ്രീ ആർ.കെ., അനിറ്റ് റോസ ഇന്നസെന്റ് എന്നിവരാണ് ബിരുദാനന്തര ബിരുദ ഗവേഷണത്തിന്റെ ഭാഗമായി വികസിപ്പിച്ചത്. പത്തുവർഷ കാലയളവിലേക്കാണ് പേറ്റന്റ്. ചെലവുകുറഞ്ഞ ഈ യന്ത്രം ഭാവിയിൽ കർഷകർക്ക് ലഭ്യമാക്കാനാണ് അധികൃതരുടെ ശ്രമം.


from mathrubhumi.latestnews.rssfeed https://ift.tt/3Bja50z
via IFTTT