Breaking

Saturday, October 30, 2021

ട്രെയിൻ നമ്പർ പറയൂ, ബാക്കിയെല്ലാം കിറുകൃത്യമായി നവനീത് കൃഷ്ണ പറയും

പത്തനംതിട്ട : ട്രെയിൻ നമ്പർ 02625 തിരുവനന്തപുരത്ത് നിന്ന് ന്യൂഡൽഹിക്ക് പോകുന്ന കേരള എക്സ്പ്രസ് ഉച്ചയ്ക്ക് 12.20-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. ഈ ട്രെയിൻ ഏതൊക്കെ സ്റ്റേഷനുകളിൽ ഏതൊക്കെ സമയത്ത് എത്തും എന്ന് പെട്ടെന്ന് അറിയണമെങ്കിൽ ഇളമണ്ണൂർ നീലാംബരിയിൽ നവനീത് കൃഷ്ണ എന്ന് പതിമൂന്നുകാരനെ വിളിച്ച് ചോദിച്ചാൽ മതി. ഇതു മാത്രമല്ല ഇന്ത്യയിലെ നൂറോളം ട്രെയിനുകളുടെ എല്ലാ കാര്യങ്ങളും ഈ എട്ടാം ക്ലാസ് വിദ്യാർഥിയുടെ മനസ്സിലുണ്ട്. ചോദിച്ചാൽ ഉടൻ ഉത്തരം കിട്ടും. കോവിഡ് കാലത്ത് ട്രെയിനുകളുടെ സമയമാറ്റവും എല്ലാം റെയിൽവേയുടെ ആപ്പിൽ നിന്ന് ശേഖരിച്ച് എഴുതിവെച്ച് മനഃപാഠമാക്കി. റെയിൽവേയുടെ ആപ്പ് നോക്കിയാണ് ട്രെയിനിന്റെ സമയവും എത്തുന്ന സ്ഥലങ്ങളും ഒക്കെ ഭൂരിഭാഗം ആളുകളും മനസ്സിലാക്കുന്നത്. ആപ്പ് നോക്കാനെടുക്കുന്ന സമയം പോലും വേണ്ട നവനീതിന് ട്രെയിനുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ. ട്രെയിനിന്റെ നമ്പരോ പേരോ പറഞ്ഞാലും അത് ഏതൊക്കെ സ്ഥലങ്ങളിലേക്കാണ് പോകുന്നത് എന്നും നവനീതിന് മുമ്പിൽ റെഡിയാണ്. ഇളമണ്ണൂർ നീലാംബരിയിൽ ഉണ്ണികൃഷ്ണൻ-അശ്വതി ദമ്പതിമാരുടെ മകനാണ് മാരൂർ ഗവ.ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ നവനീത് കൃഷ്ണ. റെയിൽവേയിൽ ടി.ടി.ആർ.ആകണമെന്ന മോഹമാണ് നവനീത് വീട്ടുകാരോടും കൂട്ടുകാരോടും എപ്പോഴും പങ്ക് െവയ്ക്കുന്നത്. നവനീതിന്റെ ഫോണിൽ ട്രെയിനുകളെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമാണ് ഏറ്റവമധികമുള്ളതെന്നാണ് അച്ഛനും അമ്മയും പറയുന്നത്. മൂന്നാം വയസ്സിൽ പളനിയിൽ പോകുന്നതിനായി ആവണീശ്വരത്തു നിന്ന് ട്രെയിനിൽ കയറിയത് മുതലാണ് ട്രെയിനുകളോട് കൂടുതൽ ഇഷ്ടമായി തുടങ്ങിയത്. മൂന്നാം ക്ലാസ്സിൽ എത്തിയപ്പോൾ തന്നെ ട്രെയിനുകളുടെ പേര്, നമ്പർ, സമയം എന്നിവ പഠിച്ചു. ഇപ്പോൾ കൂടുതൽ വിവരങ്ങൾ ആളുകളോട് പങ്കുെവയ്ക്കുന്നതിനായി നവനീത് കൃഷ്ണ എന്ന പേരിൽ ഒരു യുട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്. ഇതുവരെ ട്രെയിനുകളിൽ യാത്ര ചെയ്തതിന്റെ ടിക്കറ്റുകൾ, വിവിധ രാജ്യങ്ങളുടെ നാണയങ്ങൾ, നോട്ടുകൾ എന്നിവയും ഇ കൊച്ചുമിടുക്കന്റെ കൈവശമുണ്ട്. മോണോ ആക്ടിലും വർക്ക് എക്സ്പീരിയൻസിലും ഏറെ സമ്മാനങ്ങൾ നേടിയിട്ടുള്ള നവനീത് ഇപ്പോൾ നാട്ടിലാകെ താരമാണ്. ഈ അറിവിന് ആദരവുമായി ഏനാദിമംഗലം ഗ്രാമപ്പഞ്ചായത്തും വിവിധ രാഷ്ട്രീയ, സന്നദ്ധ സംഘടനകളും ഒക്കെ നവനീതിന്റെ വീട്ടിലെത്തി ആദരിക്കുകയും ചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/2ZClBao
via IFTTT