Breaking

Saturday, October 30, 2021

സർക്കുലർ ഇറക്കിയില്ല; സഹകരണബാങ്കുകളിൽ മൊറട്ടോറിയമില്ല

തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം ബാങ്കുകളിൽ നടപ്പായില്ല. വാണിജ്യബാങ്കുകൾക്ക് ബാധകമാകണമെങ്കിൽ റിസർവ് ബാങ്കിന്റെ അനുമതിവേണം. അതിൽ തീരുമാനമറിയാൻ ഇനിയും സമയമെടുക്കും. സഹകരണബാങ്കുകളിൽ മൊറട്ടോറിയം ബാധകമാകണമെങ്കിൽ സഹകരണസംഘം രജിസ്ട്രാർ സർക്കുലർ ഇറക്കണം. അതുണ്ടായിട്ടില്ല. ഫലത്തിൽ, മൊറട്ടോറിയം റവന്യൂവകുപ്പിന്റെ ഉത്തരവിലൊതുങ്ങി.ഒക്ടോബർ 22-നാണ് റവന്യൂവകുപ്പ് മൊറട്ടോറിയം ഉത്തരവിറക്കിയത്. കർഷകർ, ചെറുകിട കച്ചവടക്കാർ, മത്സ്യത്തൊഴിലാളികൾ എന്നിവരെല്ലാം എടുത്ത വായ്പകൾക്കാണ് ഡിസംബർ 31 വരെ മൊറട്ടോറിയം. വാണിജ്യ-സഹകരണ ബാങ്കുകളിൽനിന്ന് വായ്പയെടുത്തവരാണ് ഇതിന്റെ സഹായം ലഭിക്കേണ്ടവരിൽ ഏറെയും. ഈ രണ്ടു ബാങ്കുകളിലും നിലവിൽ മൊറട്ടോറിയമില്ല. സംസ്ഥാനത്തെ സഹകരണബാങ്കുകളിലൂടെ ഏപ്രിൽ ഒന്നുമുതൽ െസപ്റ്റംബർ 30 വരെ 3233 കോടിരൂപയാണ് കാർഷികവായ്പ നൽകിയത്. ചെറുകിട കച്ചവടക്കാർക്ക് നൽകിയ വായ്പകൾകൂടി ഉൾപ്പെടുത്തുമ്പോൾ 5000 കോടിയോളം വരും. ഇവർക്കാർക്കും മൊറട്ടോറിയം ആനുകൂല്യം ലഭിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. പ്രാഥമിക സഹകരണബാങ്കുകളുടെയും സംഘങ്ങളുടെയും നിയന്ത്രണാധികാരി സംസ്ഥാന സഹകരണസംഘം രജിസ്ട്രാറാണ്. രജിസ്ട്രാർ സർക്കുലർ ഇറക്കുന്നതനുസരിച്ചാണ് സഹകരണബാങ്കുകൾക്ക് ഇളവ് നൽകാനാകുക. സർക്കാർ തീരുമാനിച്ചാൽ രജിസ്ട്രാർക്ക് സർക്കുലർ ഇറക്കാൻ സാങ്കേതികപ്രശ്നങ്ങളില്ല. എന്നാൽ, രണ്ടാംപ്രളയത്തിനുശേഷം റിസർവ് ബാങ്ക് അനുവദിക്കുന്ന മൊറട്ടോറിയം അതേരീതിയിൽ സഹകരണബാങ്കുകൾക്കും സംഘങ്ങൾക്കും ബാധകമാക്കുന്ന രീതിയാണ് സഹകരണസംഘം രജിസ്ട്രാർ സ്വീകരിച്ചത്. ഇതുതന്നെയാണ് തുടരുന്നതെങ്കിൽ റവന്യൂവകുപ്പ് ഇറക്കിയ ഉത്തരവ് ഇപ്പോൾ നടപ്പാവില്ല. ഈ ആശയക്കുഴപ്പം സഹകരണബാങ്കുകളിലെ തിരിച്ചടവിനെ ബാധിക്കുന്നുണ്ട്. മൊറട്ടോറിയമാണെന്ന് പ്രഖ്യാപിച്ചതിനാൽ വായ്പയെടുത്തവർ തിരിച്ചടവിന് തയ്യാറാകുന്നില്ല. രജിസ്ട്രാർ സർക്കുലർ ഇറക്കാത്തതിനാൽ സഹകരണബാങ്കുകൾ ഇതെല്ലാം കുടിശ്ശികയായാണ് കണക്കാക്കുക. ഇതിന് പിഴപ്പലിശയും വരും.


from mathrubhumi.latestnews.rssfeed https://ift.tt/2ZyrVjc
via IFTTT