Breaking

Wednesday, October 27, 2021

ഇന്ത്യന്‍ ടീം പരിശീലകനാകാന്‍ അപേക്ഷ സമര്‍പ്പിച്ച് ദ്രാവിഡ്; ലക്ഷ്മണ്‍ എന്‍.സി.എ തലപ്പത്തേക്ക്

ന്യൂഡൽഹി: മുൻ ഇന്ത്യൻ ടീം നായകനും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചു. ചൊവ്വാഴ്ചയാണ് അദ്ദേഹം അപേക്ഷ സമർപ്പിച്ചത്. ദേശീയ അക്കാദമിയിൽ രാഹുലിനൊപ്പമുള്ള പരസ് മാംബ്രെ (ബൗളിങ്), അഭയ് ശർമ (ഫീൽഡിങ്) എന്നിവരും പരിശീലകസംഘത്തിലേക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ട്വന്റി-20 ലോകകപ്പോടെ കാലാവധി കഴിയുന്ന രവിശാസ്ത്രിയുടെ പിൻഗാമിയായി ദ്രാവിഡ് എത്തുമെന്ന് ഇതോടെ ഉറപ്പായി. ഐ.പി.എൽ. ക്രിക്കറ്റിനിടെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജെയ് ഷായും ദ്രവിഡുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് സമ്മതം മൂളിയത്. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലയിലേക്ക് മുൻ ഇന്ത്യൻ താരം വി.വി.എസ്. ലക്ഷ്മൺ എത്തുമെന്നാണ് സൂചന. ദ്രാവിഡ് പരിശീലക സ്ഥാനത്തേക്ക് ഔദ്യോഗികമായി അപേക്ഷിച്ച കാര്യം ബി.സി.സി.ഐ ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തിയത്. രണ്ടു വർഷത്തേക്കാകും ദ്രാവിഡിന്റെ കരാറെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നേരത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാനുള്ള ബിസിസിഐയുടെ ഓഫർ ദ്രാവിഡ് നിരസിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. 48-കാരനായ ദ്രാവിഡ് നിലവിൽ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമി യുടെ തലവനാണ്. ഇതോടൊപ്പം ഇന്ത്യൻ അണ്ടർ-19, ഇന്ത്യ എ ടീമുകളുടെ ചുമതലയും ദ്രാവിഡിനാണ്. നേരത്തെ 2016, 2017 വർഷങ്ങളിലും ബിസിസിഐ സീനിയർ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ ദ്രാവിഡിനെ സമീപിച്ചിരുന്നു. എന്നാൽ അന്ന് ആ ഓഫർ നിരസിച്ച ദ്രാവിഡ് ജൂനിയർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. നേരത്തെ 2018-ൽ ദ്രാവിഡ് ഇന്ത്യയുടെ ബാറ്റിങ് കൺസൾറ്റന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്. അടുത്തിടെ ജൂലായിൽ ശ്രീലങ്കയിൽ പര്യടനം നടത്തിയ ഇന്ത്യൻ ടീമിന്റെ താത്കാലിക പരിശീലകനായും അദ്ദേഹമുണ്ടായിരുന്നു. Content Highlights: rahul dravid formally applies for indian team head coach post


from mathrubhumi.latestnews.rssfeed https://ift.tt/3Clh8aj
via IFTTT