Breaking

Friday, October 29, 2021

മോന്‍സണെതിരെ വീണ്ടും പീഡന പരാതി: ഇതുവരെ പരാതിപ്പെടാതിരുന്നത് ഭീഷണിമൂലമെന്ന് യുവതി

കൊച്ചി: പുരാവസ്തു വില്പനക്കാരനെന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിനെതിരേ വീണ്ടും പീഡന പരാതി. തന്റെ സ്ഥാപനത്തിൽ വെച്ച് മോൻസൺ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി. മോൻസണിന്റെ കലൂരിലെ മസാജിങ് സെന്ററിലാണ് ഇവർ ജോലി ചെയ്തിരുന്നത്. പീഡനത്തെ തുടർന്ന് ജോലി ഉപേക്ഷിച്ചെന്നും യുവതി പറയുന്നു. യുവതിയിൽനിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴി രേഖപ്പെടുത്തും. മോൻസണിന്റെ സംഘം ഭീഷണിപ്പെടുത്തിയതിനാലാണ് മുമ്പ് പരാതിപ്പെടാൻ തയ്യാറാകാതിരുന്നതെന്നാണ് യുവതി പറയുന്നത്.നേരത്തെ മോൻസണിന്റെ സൗന്ദര്യ ചികിത്സാ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന സ്ത്രീയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ മോൻസണിനെതിരേ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ലൈംഗിക പീഡനത്തിനിരയായ കൂടുതൽ പേർ മോൻസണിനെതിരേ പരാതിയുമായി വരും ദിവസങ്ങളിൽ എത്തുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.മോൻസൺ വീണ്ടും കസ്റ്റഡിയിൽ കൊച്ചി: ഡി.ആർ.ഡി.ഒ. ശാസ്ത്രജ്ഞന്റെ പേരിൽ വ്യാജരേഖ നിർമിച്ച കേസിൽ മോൻസണിനെ 30 വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ക്രൈംബ്രാഞ്ച് കളമശ്ശേരി യൂണിറ്റിന് മൂന്നു ദിവസത്തേക്ക് മോൻസണെ കസ്റ്റഡിയിൽ നൽകിയത്. ഡോക്ടർമാർക്കെതിരേ പരാതിയുമായി പെൺകുട്ടികൊച്ചി: എറണാകുളം മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കെതിരേ പരാതിയുമായി പോക്‌സോ കേസിലെ ഇര രംഗത്ത്. മോൻസൺ മാവുങ്കലിന്റെ പീഡനത്തിനിരയായ പെൺകുട്ടിയാണ് രംഗത്തെത്തിയത്. വൈദ്യ പരിശോധനയ്ക്കായി എത്തിയ പെൺകുട്ടിയെ മുറിയിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. മോൻസണ് അനുകൂലമായ നിലപാടാണ് ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായതെന്നും പറയുന്നു. കോടതിയിൽ രഹസ്യമൊഴി എടുക്കുന്നതിനു മുമ്പ് ബുധനാഴ്ച വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് സംഭവം. ഇതോടെ പെൺകുട്ടി വൈദ്യ പരിശോധന പൂർത്തിയാക്കാതെ മുറിക്ക് പുറത്തിറങ്ങുകയായിരുന്നു. ഇതിനെതിരേ പരാതി നൽകാൻ പെൺകുട്ടി കളമശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി. എന്നാൽ, വനിതാ പോലീസ് ഉദ്യോഗസ്ഥരില്ലാത്തതിനാൽ മൊഴി നൽകാൻ സാധിച്ചില്ലെന്ന് ഇവർ പറയുന്നു. പെൺകുട്ടിയുടെ പരാതിയിൽ മോൻസണിനെതിരേയും മേക്കപ്പ്മാൻ ജോഷിക്കെതിരേയും പോക്‌സോ കേസെടുത്തിട്ടുണ്ട്. ഈ കേസിൽ രഹസ്യ മൊഴി നൽകാൻ മജിസ്‌ട്രേറ്റ് കോടതിയിൽ എത്തിക്കുന്നതിനു മുമ്പ് വൈദ്യ പരിശോധനയ്ക്കായി പെൺകുട്ടിയെ ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇവിടെ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാലാണ് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോയത്. ഇവിടെ വെച്ച് ഡോക്ടർമാരുടെ നേതൃത്വത്തിൽ മുറിയിലേക്ക് വിളിപ്പിച്ച് മാനസികമായി പീഡിപ്പിച്ചു എന്നാണ് പെൺകുട്ടി പറയുന്നത്. മോൻസണിന്റെ വീട്ടിൽ പോകേണ്ട കാര്യമെന്തായിരുന്നുവെന്ന് ഡോക്ടർ ചോദിച്ചെന്നും പെൺകുട്ടി പറയുന്നു. മെഡിക്കൽ കോളേജിൽനിന്ന് ഇറങ്ങിപ്പോയ പെൺകുട്ടി കോടതിയിലെത്തി കാര്യങ്ങൾ മജിസ്‌ട്രേറ്റിനെ അറിയിച്ചു. മജിസ്‌ട്രേറ്റിന്റെ നിർദേശപ്രകാരം എറണാകുളം ജനറൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധന പൂർത്തിയാക്കി. അതേസമയം പെൺകുട്ടിയുടെ ആരോപണം മെഡിക്കൽ കോളേജ് അധികൃതർ തള്ളി. തീയതി സംബന്ധിച്ച് ചോദിച്ചതോടെ ഇതറിയില്ലെന്ന് പെൺകുട്ടി പറഞ്ഞു. ഈ സമയം പെൺകുട്ടിക്കൊപ്പമുള്ള ബന്ധുവിനെ മുറിക്ക് അകത്തേക്ക് വിളിച്ചു. എന്നാൽ, ഇവരും പോലീസും പരിശോധന നടത്താൻ തിരക്കുകൂട്ടി. തുടർന്ന് ഇറങ്ങിപ്പോകുകയായിരുന്നുവെന്നും മെഡിക്കൽ കോളേജ് അധികൃതർ വിശദീകരിക്കുന്നു. ഡ്യൂട്ടി തടസ്സപ്പെടുത്തിയതറിയിച്ച് പരാതി നൽകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ, വ്യാഴാഴ്ച വൈകീട്ട് വരെ ഇരു വിഭാഗവും രേഖാമൂലം പരാതി നൽകിയിട്ടില്ലെന്ന് കളമശ്ശേരി പോലീസ് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3nHIoKf
via IFTTT