ഗുരുവായൂർ: ഗുരുവായൂർക്ഷേത്രം പ്രധാനതന്ത്രി പുഴക്കര ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് (70) അന്തരിച്ചു. തൃശ്ശൂരിൽ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. 2013 ഡിസംബർ 26-ന് ചേന്നാസ് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തെത്തുടർന്നാണ് ചേന്നാസ് മനയിലെ മുതിർന്ന അംഗമായ നാരായണൻ നമ്പൂതിരിപ്പാട് പ്രധാന തന്ത്രിയായി സ്ഥാനമേറ്റത്. 2014 ഫെബ്രുവരി 20-ന് ശ്രീലകത്തുകയറി ആദ്യപൂജ നിർവഹിച്ചു. 2021 സെപ്‌റ്റംബർ 30-ന് രാത്രി നടന്ന മേൽശാന്തിമാറ്റച്ചടങ്ങിനാണ് അവസാനമായി അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. മേൽശാന്തി തിരഞ്ഞെടുപ്പിന് സെപ്‌റ്റംബർ 16-ന് അപേക്ഷകരുമായി കൂടിക്കാഴ്ച നടത്താനും എത്തിയിരുന്നു. സഹസ്രകലശച്ചടങ്ങുകളുടെ ആചാര്യവരണത്തിനും ഉത്സവത്തിന് സ്വർണക്കൊടിമരത്തിൽ സപ്തവർണ കൊടിക്കൂറ ഉയർത്താനും നാരായണൻ നമ്പൂതിരിപ്പാട് പതിവായി എത്തുമായിരുന്നു. കോവിഡ്കാലത്തും ക്ഷേത്രത്തിലെ ചടങ്ങുകൾ മുടങ്ങാതെ നടത്താനും ആചാരാനുഷ്ഠാനങ്ങൾക്ക് കോട്ടം സംഭവിയ്ക്കാതിരിയ്ക്കാനും അദ്ദേഹം അതീവ ശ്രദ്ധപുലർത്തി. ദീർഘകാലം ഗുരുവായൂർക്ഷേത്രത്തിൽ പ്രധാന തന്ത്രിയായിരുന്ന ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും ശ്രീദേവി അന്തർജനത്തിന്റെയും മൂത്തമകനാണ് നാരായണൻ നമ്പൂതിരിപ്പാട്. പ്രധാന തന്ത്രിയാകുന്നതിനുമുൻപ് കുറച്ചുകാലം നെടുങ്ങാടി ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. മലപ്പുറം വെളിയങ്കോട് പഞ്ചായത്തിലെ എരമംഗലത്താണ് പുരാതന തന്ത്രികുടുംബമായ പുഴക്കര ചേന്നാസ് മന. ചെങ്ങന്നൂർ മിത്രമഠത്തിലെ സുചിത്രാ അന്തർജനമാണ് ഭാര്യ. ഗുരുവായൂർ ക്ഷേത്രത്തിലെ താന്ത്രികച്ചടങ്ങുകൾ നിർവഹിയ്ക്കുന്ന ശ്രീകാന്ത് നമ്പൂതിരിപ്പാട് ഏകമകനാണ്. മരുമകൾ: പിറവം മ്യാൽപ്പള്ളി ഇല്ലത്ത് അഖിലാ അന്തർജനം. സഹോദരങ്ങൾ: ഉമാദേവി അന്തർജനം (പട്ടത്ത്മന, തിരുവുള്ളക്കാവ്), രാധാ അന്തർജനം (ഏലംകുളം മന), രജനി അന്തർജനം (പകരാവൂർ മന), കൃഷ്ണൻ നമ്പൂതിരിപ്പാട് (ചാർട്ടേഡ് അക്കൗണ്ടന്റ്), ഗുരുവായൂർ ക്ഷേത്രത്തിൽ താന്ത്രിക ചടങ്ങുകൾ നിർവഹിക്കുന്ന ഹരി നമ്പൂതിരിപ്പാട്, ഡോ. അരവിന്ദാക്ഷൻ നമ്പൂതിരിപ്പാട്.
from mathrubhumi.latestnews.rssfeed https://ift.tt/2ZnErlb
via
IFTTT