Breaking

Wednesday, October 27, 2021

കണ്ണൂർ തായത്തെരുവിൽ സി.പി.എമ്മിൽ പൊട്ടിത്തെറി; പാർട്ടിസ്തൂപത്തിൽ കരിങ്കൊടിയുയർത്തി

കണ്ണൂർ: ആത്മാർഥമായി പ്രവർത്തിച്ച പഴയ പ്രവർത്തകരെ തഴഞ്ഞ് സ്വാർഥമതികളായ പുതിയ ആളുകളെ താലോലിക്കുന്നതായി ആരോപിച്ച് സി.പി.എം. ടൗൺ വെസ്റ്റ് ലോക്കൽ സമ്മേളനത്തിൽനിന്ന് തായത്തെരു സെൻട്രൽ ബ്രാഞ്ച് കമ്മറ്റി പ്രതിനിധികൾ ഇറങ്ങിപ്പോയി. മുൻ ലോക്കൽ സെക്രട്ടറിയും നഗരത്തിലെ പ്രധാന പ്രവർത്തകനുമായ ടി.എം. ഇർഷാദ്, ബ്രാഞ്ച് മുൻ സെക്രട്ടറി ടി.കെ. ഷംസീർ എന്നിവരാണ് ഇറങ്ങിപ്പോയത്. ഇതിന് പിന്നാലെ ബ്രാഞ്ചിലെ അഞ്ച് അംഗങ്ങൾ രാജിവയ്ക്കുകയും തായത്തെരു ബ്രാഞ്ച് പരിധിയിലെ പല കേന്ദ്രങ്ങളിലും കരിങ്കൊടി ഉയർത്തുകയും ചെയ്തു. തായത്തെരുവിലെ പാർട്ടിസ്തൂപത്തിലും കരിങ്കൊടി കെട്ടി. ‘പണ്ടേ ചുവന്നതല്ലീ മണ്ണ്. ഞങ്ങൾ ചുവപ്പിച്ചതാണ്. അടിമയായി ജീവിക്കുന്നതിലും ഭേദം പൊരുതി മരിക്കുന്നതാണ് -തായത്തെരു സഖാക്കൾ’ എന്ന് രേഖപ്പെടുത്തിയ ബാനറും ചൊവ്വാഴ്ച രാത്രി ഇവിടെ സ്ഥാപിച്ചു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായാണ് സംഭവം. ഞായറാഴ്ച താളിക്കാവിലായിരുന്നു ലോക്കൽ സമ്മേളനം. വിവിധ ബ്രാഞ്ചുകളിൽനിന്ന് 76 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽനിന്ന് ഉച്ചകഴിഞ്ഞാണ് തായത്തെരു സെൻട്രൽ ബ്രാഞ്ച് പ്രതിനിധികൾ ഇറങ്ങിപ്പോയത്. അഴിമതിക്കാരാണ് ഇപ്പോൾ പാർട്ടിയോട് ചേർന്നുനിൽക്കുന്നതെന്ന് ഇവർ ആരോപിച്ചു. തങ്ങൾക്കൊപ്പം അമ്പതിലേറെ പേർ പാർട്ടി വിട്ടുവെന്നും ഭാവി തീരുമാനിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. ഔദ്യോഗികവിഭാഗത്തിന്റെ പ്രതികരണം ലഭ്യമായില്ല. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരിൽ അദ്ദേഹത്തിനുനേരേ കല്ലേറുണ്ടായ സംഭവത്തിൽ പ്രതിയാണ് അന്ന് ലോക്കൽ സെക്രട്ടറിയായിരുന്ന ഇർഷാദ്.അടിമയാകാനില്ല-ടി.എം. ഇർഷാദ് ആശയബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ ഇത്രകാലം പാർട്ടിയിൽ പ്രവർത്തിച്ചതെന്നും ഇനി അടിമയാകാനില്ലെന്നും ഇർഷാദ് വ്യക്തമാക്കി. ആറുവർഷമായി പാർട്ടി തങ്ങളെ അവഗണിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പടക്കം എല്ലാ പ്രവർത്തനങ്ങളിലും ആത്മാർഥമായാണ് തങ്ങൾ പ്രവർത്തിച്ചത്. പക്ഷേ, ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുന്ന രീതിയാണ് ഇപ്പോൾ പാർട്ടിക്ക്. ഇനി ഇത് താങ്ങാൻ വയ്യ. എത്രതന്നെ ചർച്ച നടത്തിയാലും ഇനി പാർട്ടിയിലേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/3BfTiLT
via IFTTT