Breaking

Sunday, October 31, 2021

കനിവോടെ ആരോഗ്യപ്രവർത്തകർ; സൗഖ്യത്തോടെ സുനിതയും കുഞ്ഞും

നൂൽപ്പുഴ : കനിവ് 108 ആംബുലൻസ് ജീവനക്കാരുടെയും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിന്റെയും പരിചരണത്തിൽ യുവതിക്ക് കോളനിയിൽത്തന്നെ സുഖപ്രസവം. നൂൽപ്പുഴ ഓടപ്പള്ളം നായിക്ക കോളനിയിൽ രാജുവിന്റെ ഭാര്യ സുനിത (26) യാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. ശനിയാഴ്ച രാവിലെ എട്ടു മണിയോടെ സുനിതയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ബന്ധുക്കൾ നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് കെ.കെ. സജിനിയെ വിവരമറിയിച്ചു. കോളനിയിലെത്തിയ സജിനി സുനിതയെ ആശുപത്രിയിലേക്ക് മാറ്റാൻ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. ബത്തേരി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് കെ.ജി. എൽദോ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അഖിൽ ബേബി എന്നിവരാണ് ആംബുലൻസുമായി ചെന്നത്. കോളനിയിലേക്ക് വാഹനം പോകാത്തതിനാൽ ഒരു കിലോമീറ്ററോളം സംഘം നടന്നാണ് സുനിതയുടെ അടുത്തെത്തിയത്. പരിശോധനയിൽ സുനിതയുടെ ആരോഗ്യനില വഷളാണെന്ന് മനസ്സിലാക്കിയതോടെ കോളനിയിൽത്തന്നെ പ്രസവം എടുക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. തുടർന്ന് അഖിലിന്റെയും സജിനിയുടെയും പരിചരണത്തിൽ സുനിത കുഞ്ഞിന് ജന്മം നൽകി. അഖിലും സജിനിയും ചേർന്ന് അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകിയശേഷം കോളനി നിവാസികളുടെ കൂടി സഹായത്തോടെ സ്ട്രെച്ചറിൽ ഇരുവരെയും ആംബുലൻസിലേക്ക് മാറ്റി. അമ്മയും കുഞ്ഞിനെയും ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ ആരോഗ്യമന്ത്രി വീണാ ജോർജ് കനിവ് ജീവനക്കാരെയും നഴ്സിനെയും അനുമോദിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3pSg3n3
via IFTTT