Breaking

Saturday, October 30, 2021

'ഖാദി വില്‍പനയല്ല എന്റെ പണി, സി.പി.എമ്മിന് ആവശ്യം വര്‍ഗീയ-സാമ്പത്തിക ശക്തികളുടെ പിന്തുണ'

തിരുവനന്തപുരം: സി.പി.എമ്മിന് വേണ്ടത് വർഗീയ-സാമ്പത്തിക ശക്തികളുടെ പിന്തുണയുള്ള ആളുകളെയാണെന്ന് ചെറിയാൻ ഫിലിപ്പ്. വർഗീയ ശക്തികളുമായി ബന്ധമുള്ളവർക്ക് സിപിഎമ്മിൽ പിൻബലം ലഭിക്കും. താനൊരു മതശക്തിയല്ല, കൈയിൽ പണവുമില്ല. അതായിരിക്കാം തന്റെ ദൗർബല്യമെന്നും സിപിഎം വിട്ട് കോൺഗ്രസിൽ എത്തിയതിനുപിന്നാലെ ചെറിയാൻ ഫിലിപ്പ് മാതൃഭൂമി ന്യൂസുമായുള്ള അഭിമുഖത്തിൽ പറഞ്ഞു. സർക്കാർ ഗുമസ്തനാകാൻ ഇറങ്ങിയ ആളല്ല താൻ. ഖാദി വിൽപ്പനയും ഹോട്ടൽ നടത്തിപ്പുമല്ല തന്റെ പണി. സിപിഎം തന്നെ രാഷ്ട്രീയ വ്യക്തിത്വമായി അംഗീകരിച്ചിട്ടില്ല. ആദ്യത്തെ അഞ്ച് വർഷം സിപിഎമ്മിൽ പരിഗണന കിട്ടിയിരുന്നു. കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ തന്നെ കൊണ്ടുപോയി പ്രസംഗിപ്പിച്ചു. അക്കാലത്ത് തന്നെ കൊണ്ടുപോയി പ്രസംഗിപ്പിച്ചവരെല്ലാം ഇന്ന് മന്ത്രിമാരാണ്. സീറ്റ് കിട്ടാത്തതിന്റെ പേരിലല്ല പാർട്ടി വിട്ടത്. എകെജി സെന്ററിന്റെയും സെക്രട്ടറിയേറ്റിന്റെയും വരാന്തയിൽ കഴിയേണ്ട ആളല്ല താനെന്നും അദ്ദേഹം പറഞ്ഞു. എകെജി സെന്ററിലും പിണറായിയുടെ വീട്ടിലും തനിക്ക് സ്ഥാനമുണ്ടായിരുന്നു. പക്ഷേ, പാർട്ടിയിലുണ്ടായപ്പോൾ സമൂഹത്തിൽ സ്ഥാനം ലഭിച്ചില്ല. സിപിഎമ്മിൽ ആർക്കും ആരോടും സൗഹൃദമില്ല. നാളെ അധികാരത്തിൽ നിന്ന് പിണറായി ഒഴിഞ്ഞാൽ അദ്ദേഹത്തിന്റെ വീട്ടിൽ പോലും ആരും കാണില്ലെന്നും ചെറിയാൻ ഫിലിപ്പ് ചൂണ്ടിക്കാണിച്ചു. പിണറായി ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതാവാണ്. തന്നെ ഇടതുപക്ഷത്തേക്ക് വരവേറ്റതും പിണറായിയാണ്. മുഖ്യമന്ത്രിയായ ശേഷം അദ്ദേഹവുമായി നല്ല ബന്ധമായിരുന്നു. എന്നാൽ രണ്ടാമത് മുഖ്യമന്ത്രിയായപ്പോൾ സത്യപ്രതിജ്ഞാ ചടങ്ങിന്റെ പാസ് പോലും തനിക്ക് ലഭിച്ചില്ല. അതുകൊണ്ടാണ് ചടങ്ങിൽ പങ്കെടുക്കാതിരുന്നത്. തിരുവനന്തപുരത്തെ ഹോട്ടൽ, ആശുപത്രി ഉടമകളെല്ലാം ചടങ്ങിലുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇതെല്ലാം പാർട്ടിയിൽ തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം തനിക്കൊരു പ്രതലം തന്നില്ല. സാഹചര്യങ്ങൾക്കനുസരിച്ചാണ് അഭിപ്രായമെടുക്കുന്നത്. കോൺഗ്രസിൽ നിന്ന് തന്നെ പുറത്താക്കിയിട്ടില്ല. കോൺഗ്രസ് ശക്തിപ്പെടേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്. കോൺഗ്രസുകാരൻ എന്നനിലയിൽ കോൺഗ്രസ് തകരാതെ ഇരിക്കുക എന്നത് തന്റെ ധർമമാണ്. കോൺഗ്രസിനുള്ളിലാണ് തന്റെ സൗഹൃദങ്ങളെല്ലാമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. content highlights:cheriyan philip allegation against CPM


from mathrubhumi.latestnews.rssfeed https://ift.tt/2ZuElIK
via IFTTT